
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നതിനിടെ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഡൽഹിയിൽ കറുത്ത ആവരണം മൂടിയിരിക്കുകയാണ്. പ്രധാനമന്ത്രിയും ഡൽഹി മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. ഗുരുതരാവസ്ഥ പരിഹരിക്കുന്നതിനുള്ള ഏത് നടപടിക്കും ഉറച്ച പിന്തുണയുണ്ടാകും. വയനാട്ടിലെ ശുദ്ധമായ അന്തരീക്ഷത്തിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോഴുണ്ടാകുന്ന മാറ്റം ഞെട്ടിക്കുന്നതാണെന്നും എക്സിൽ കുറിച്ചു.
അതേസമയം, ബി.ജെ.പി സർക്കാരിന്റെ ക്ലൗഡ് സീഡിംഗ് പരീക്ഷണം ക്രൂരമായ തമാശയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. ഡൽഹി സർക്കാർ ക്ലൗഡ് സീഡിംഗിന് 34 കോടി രൂപ ചെലവാക്കി. ശൈത്യകാലത്ത് ക്ലൗഡ് സീഡിംഗ് വിജയിക്കില്ലെന്ന് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ്, സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ്, കേന്ദ്ര കാലാവസ്ഥാ വിഭാഗം എന്നിവ അറിയിച്ചതായി കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു-ജയറാം രമേഷ് പറഞ്ഞു.
ഇന്നലെയും ഡൽഹിയിയിൽ വായു ഗുണനിലവാരം (എ.ക്യു.ഐ) 'വളരെ മോശം" വിഭാഗത്തിലായിരുന്നു. അടുത്ത ആറ് ദിവസം കൂടി ഇതേ നിലയിൽ തുടരുമെന്ന് കേന്ദ്ര മലനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി) അറിയിച്ചു. ഇന്നലെ ശരാശരി എ.ക്യു.ഐ 303 ആയിരുന്നു.