s

ന്യൂഡൽഹി: ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം കോൺഗ്രസിന്റെ ഉറക്കം കെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. പാട്‌നയിലെ ആരയിലും നവാദയിലുമുള്ള റാലികളിൽ അദ്ദേഹം പങ്കെടുത്തു.

ഓപ്പറേഷൻ സിന്ദൂർ സമയത്ത് സ്‌ഫോടനങ്ങൾ നടന്നത് പാകിസ്ഥാനിലാണ്. ഉറക്കമില്ലാതായത് കോൺഗ്രസ് രാജകുടുംബത്തിലാണ്. ആ ഞെട്ടലിൽ നിന്ന് പാകിസ്ഥാനിലെയും കോൺഗ്രസിലെയും ചിലർ ഇതുവരെ കരകയറിയിട്ടില്ല. സിഖ് കൂട്ടക്കൊല നടന്നത് കോൺഗ്രസിന്റെ കാലത്താണ്. കോൺഗ്രസ് എസ്.ഐ.ആറിനെതിരെ നടത്തിയ യാത്ര നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാൻ വേണ്ടിയാണെന്നും മോദി ആരോപിച്ചു.

ആരുമില്ലാത്തവർക്ക് മോദി


ആരും തുണയില്ലാത്തവർക്ക് മോദിയുണ്ടെന്നും മുൻ സർക്കാരുകൾ ചെറുകിട കർഷകർക്ക് മുൻഗണന നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷമുള്ള സർക്കാരുകൾ ചെറുകിട കർഷകർക്ക് മുൻഗണന നൽകിയില്ല. എന്നാൽ മോദി, മറ്റാരും ശ്രദ്ധിക്കാത്തവരെ ആരാധിക്കുന്നു.

ആർ.ജെ.ഡിക്ക് മുഖ്യമന്ത്രി

പദം തോക്കിൻ മുനയിൽ

കോൺഗ്രസിൽ നിന്ന് തോക്കിന് മുനയിലാണ് ആർ.ജെ.ഡി കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥി പദം തട്ടിയെടുത്തതെന്ന് മോദി പരിസഹിച്ചു. ബീഹാറിലെ അടച്ചിട്ട മുറിയിൽ ദിവസങ്ങൾക്ക് മുമ്പ് ഒരു അധികാരക്കളി നടന്നു. ആർ.ജെ.ഡി നേതാവ് മുഖ്യമന്ത്രിയാകാൻ കോൺഗ്രസ് ആഗ്രഹിച്ചില്ല, പക്ഷേ ആർ .ജെ.ഡി തോക്കിൻ മുനയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ നിർബന്ധിച്ചു. മഹാസഖ്യത്തിനുള്ളിൽ ആർ.ജെ.ഡിയും കോൺഗ്രസും തമ്മിൽ ഭിന്നതയുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം അവർ വേർപിരിയുമെന്ന് തോന്നുന്നു.

ബീഹാറിന്റെ വിഭവങ്ങൾ ചൂഷണം ചെയ്യാൻ നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കില്ലെന്നും പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നവർ കുറ്റവാളികളാണ്. അതിനാൽ ആജെ.ഡിയെയും കോൺഗ്രസിനെയും സൂക്ഷിക്കണം. വോട്ട് ചെയ്യുമ്പോൾ ഇതെല്ലാം മനസിലുണ്ടാകണം.

കോൺഗ്രസും ആർ.ജെ.ഡിയും ഛഠ് പൂജയെ അപമാനിച്ചുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഛഠ് പൂജ വെറും നാടകമാണെന്നാണ് കോൺഗ്രസിന്റെ രാജകുമാരൻ പറഞ്ഞത്. ഛഠ് പൂജയെ അപമാനിച്ചവരോട് നിങ്ങൾ ക്ഷമിക്കുമോ എന്നും അദ്ദേഹം ബീഹാറിലെ ജനങ്ങളോട് ചോദിച്ചു.

വികസിത ഇന്ത്യ എന്ന പ്രതിജ്ഞയുമായി എൻ.ഡി.എ മുന്നോട്ടുപോവുകയാണ്. എന്നാൽ കോൺഗ്രസും ആർ.ജെ.ഡിയും തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പരസ്പരം ഏറ്റുമുട്ടും. നിതീഷ്‌കുമാറും എൻ.ഡി.എയുമാണ് ബീഹാറിൽ വികസനം കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.