
പാട്ന: ബീഹാർ പ്രചാരണത്തിനിടെ ജൻ സുരാജ് നേതാവ് ദുലാർ ചന്ദ് യാദവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മൊക്കാമയിലെ ജെ.ഡി.യു സ്ഥാനാർത്ഥിയും മുൻ അധോലോക നായകനുമായ അനന്ത്സിംഗ് അറസ്റ്റിൽ. രണ്ട് ജെ.ഡി.യു പ്രവർത്തകരും അറസ്റ്റിലായി. അനന്ത് സിംഗിനെയും മറ്റ് രണ്ട് ജെ.ഡി.യു പ്രവർത്തകരെയും ശനിയാഴ്‌ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനിടെ, കാലിന് വെടിയേറ്റ ദുലാർ ചന്ദ് യാദവ് ഹൃദയാഘാതത്താലാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു.
കഴിഞ്ഞ 30ന് മൊക്കാമയിൽ പാർട്ടി സ്ഥാനാർത്ഥി പിയൂഷ് പ്രിയദർശിക്കായി പ്രചാരണം നടത്തവേയാണ് ദുലാർ ചന്ദിന് വെടിയേറ്റത്. ജൻസുരാജ് പാർട്ടിയുടെയും ജെ.ഡി.യുവിന്റെയും പ്രചാരണ വാഹനങ്ങൾ കടന്നുപോകവേ സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ആരോ വെടിയുതിർക്കുകയായിരുന്നു. തർക്കത്തിനിടെ ദുലാർ ചന്ദ് എതിർ വാഹന വ്യൂഹത്തിലേക്ക് കല്ലെറിയുന്ന വീഡിയോ പുറത്തുവന്നെങ്കിലും അതിന്റെ ആധികാരികത ഉറപ്പില്ലെന്ന് ബീഹാർ ഡി.ജി.പി വിനയ് കുമാർ പറഞ്ഞു.
വ്യക്തിവൈരാഗ്യം
നേരത്തെ ആർ.ജെ.ഡിക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ദുലാർ ചന്ദ് യാദവും അനന്ദ് സിംഗും തമ്മിൽ വ്യക്തി വൈരാഗ്യമുണ്ട്. അനന്ത് സിംഗിന്റെ ഭാര്യയും മുൻ എം.പിയുമായ നീലം ദേവിയെ ദുലാർ ചന്ദ് 'വിശ്വസിക്കാൻ കൊള്ളാത്തവൾ" എന്ന് വിളിച്ചത് വിവാദമായിരുന്നു.
കൊലപാതക കേസിൽ
ഉൾപ്പെടെ പ്രതി
അനന്ത് സിംഗ് ജുഡിഷ്യൽ കസ്റ്റഡിയിലായതിനാൽ പ്രചാരണത്തിനിറങ്ങിയില്ല. ഏഴ് കൊലപാതക കേസുകൾ,തട്ടിക്കൊണ്ടുപോകൽ, ആയുധ നിയമ ലംഘനം അടക്കം 38 ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്ത് സിംഗ്,. 'ഛോട്ടേ സർക്കാർ" എന്നാണ് അറിയപ്പെടുന്നത്. 2005-2015വരെ ജെ.ഡി.യു ബാനറിലും 2020ൽ ആർ.ജെ.ഡി ബാനറിലും മൊക്കാമയിൽ ജയിച്ചു. 2022ൽ ആയുധ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് അയോഗ്യനായപ്പോൾ രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ ഭാര്യ നീലം ദേവി ജയിച്ചെങ്കിലും 2024ൽ ജെ.ഡി.യുവിലേക്ക് മാറി. 2024 ആഗസ്റ്റിൽ 2022ലെ കേസിൽ പാട്‌ന ഹൈക്കോടതി കുറ്റവിമുക്തനാക്കിയതോടെ ഇക്കുറി മത്സരരംഗത്ത്. മണ്ഡലത്തിലെ മറ്റൊരു അധോലോക നായകൻ സൂരജ്ഭാൻ സിംഗിന്റെ ഭാര്യയും ആർ.ജെ.ഡി സ്ഥാനാത്ഥിയുമായ വീണാ ദേവിയാണ് എതിരാളി. ദുലാർ ചന്ദിനും അധോലോക പശ്‌ചാത്തലമുണ്ടായിരുന്നു.