
ന്യൂഡൽഹി: ബീഹാറിലെ ബെഗുസരയ് തടാകത്തിൽ വള്ളത്തിൽ സഞ്ചരിച്ചു. വെള്ളത്തിലിറങ്ങി, പരമ്പരാഗത രീതിയിൽ മീൻപിടിത്തം. ബീഹാറിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിച്ചും സംസാരിച്ചും ചെലവഴിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ വൈറലാണ്. മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയും വി.ഐ.പി നേതാവുമായ മുകേഷ് സഹാനിയും ഒപ്പമുണ്ടായിരുന്നു.
തടാകത്തിന്റെ നടുവിലെത്തിയ ശേഷം രാഹുൽ വെള്ളത്തിലേക്ക് ചാടി. മത്സ്യത്തൊഴിലാളികൾക്കൊപ്പം നീന്തി. തുടർന്നാണ് മീൻപിടിച്ചത്. രാഹുലിന് പരമ്പരാഗത മത്സ്യബന്ധന സമുദായമായ മല്ല വിഭാഗത്തിലെ നേതാവുകൂടിയായ മുകേഷ് സഹാനി നിർദ്ദേശങ്ങൾ നൽകി.
'മോദി ട്രംപിനെ
ഭയക്കുന്ന ഭീരു"
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഭയക്കുന്ന ഭീരുവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഇന്നലെ തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവേ രാഹുൽ പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രിക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടായിരിക്കും. പക്ഷേ ഓപ്പറേഷൻ സിന്ദൂറിനിടെ ട്രംപിന്റെ ഫോൺ കോൾ വന്നപ്പോൾ അദ്ദേഹം പരിഭ്രാന്തനാവുകയും പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടൽ രണ്ട് ദിവസം കൊണ്ട് അവസാനിപ്പിക്കുകയും ചെയ്തു. ട്രംപിനെ ഭയക്കുന്ന മോദി, അംബാനിയുടെയും അദാനിയുടെയും റിമോട്ട് കൺട്രോളിലാണ് പ്രവർത്തിക്കുന്നത്-രാഹുൽ കുറ്റപ്പെടുത്തി.
1971ൽ അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയെ യു.എസ് ഭീഷണിപ്പെടുത്തി. അവർ ഭയന്നില്ല. വേണ്ടത് ചെയ്യുകയും ചെയ്തു. എന്നാൽ ട്രംപ് പറഞ്ഞ ഉടൻ മോദി ഓപ്പറേഷൻ സിന്ദൂർ നിറുത്തി- രാഹുൽ പറഞ്ഞു. ജി.എസ്.ടിയും നോട്ട് നിരോധനവും ഉൾപ്പെടെ മോദി സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും ചെറുകിട വ്യവസായങ്ങളെ തകർക്കുന്നതും വൻ കമ്പനികളെ സഹായിക്കുന്നതുമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ സമീപനം വ്യത്യസ്തമാണ്. ചെറുകിട വ്യവസായങ്ങളെയാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. ഫോണുകളിലെയും ടിഷർട്ടുകളിലെയും 'മെയ്ഡ് ഇൻ ചൈന"ലേബലുകൾ മാറ്റി മെയ്ഡ് ഇൻ ബീഹാർ എന്നാക്കണം- രാഹുൽ പറഞ്ഞു.