
ഭാരതരത്‌ന മരണാനന്തര ബഹുമതിയായി ലഭിച്ച ബീഹാർ മുൻ മുഖ്യമന്ത്രിയും അധഃസ്ഥിതരുടെ മുന്നണിപ്പോരാളിയുമായിരുന്ന കർപ്പൂരി താക്കൂർ ഇക്കുറി ബീഹാർ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമാണ്.
പാട്‌നയിൽ നിന്ന് ഏകദേശം നൂറുകിലോമീറ്റർ അകലെ സമസ്‌തിപൂർ റോഡിൽ നിന്ന് ഉള്ളിലേക്ക് പോയാൽ
ബീഹാറിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായ കർപ്പൂരി താക്കൂറിന്റെ സ്‌മരണകളുറങ്ങുന്ന കർപ്പൂരി ഗ്രാമത്തിലെത്താം.
സ്വാഗതം ചെയ്യുന്നത് 'ഭാരത് രത്‌ന ജനനായക് കർപ്പൂരി താക്കൂർ സ്‌മൃതി ദ്വാർ" എന്നെഴുതിയ വൻകവാടം.
റെയിൽവേ സ്റ്റേഷന് രണ്ടുകിലോമീറ്ററുള്ളിൽ സ്‌മൃതിവനം എന്ന പേരിൽ അദ്ദേഹം ജനിച്ച സ്ഥലം. റെയിൽവേ ലൈൻ കടന്ന് അദ്ദേഹത്തിന്റെ പേരിലുള്ള കോളേജിന് പിറകിൽ തയ്യാറാക്കിയ മ്യൂസിയത്തിൽ കർപ്പൂരി താക്കൂർ ജനിച്ചു വളർന്ന കുടിൽ കാണാം. മുഖ്യമന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവാണ് മ്യൂസിയമുണ്ടാക്കിയത്.
പിതൗഞ്ജിയ എന്നയാരുന്നു ഗ്രാമത്തിന്റെ ആദ്യ പേര്. 1988ൽ കർപ്പൂരി താക്കൂർ അന്തരിച്ച ശേഷം കർപ്പൂരി ഗ്രാമമായി. 3,000 പേർ മാത്രമുള്ള ഇവിടെ പ്രൈമറി സ്കൂൾ, ഹൈസ്കൂൾ, ബിരുദ കോളേജ്, ആശുപത്രി, റെയിൽവേ സ്റ്റേഷൻ എല്ലാമുണ്ട്. ജയപ്രകാശ് നാരായണന്റെ കീഴിൽ 1952ൽ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ ശ്രദ്ധേയനായ കർപ്പൂരി താക്കൂർ മുഖ്യമന്ത്രി നിതീഷ് കുമാർ, മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. അന്തരിച്ച എൽ.ജെ.പി നേതാവ് രാം വിലാസ് പാസ്വാൻ, അന്തരിച്ച ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദി എന്നിവരുടെ രാഷ്ട്രീയ ഗുരുവാണ്. 1978ൽ മുഖ്യമന്ത്രിയായിക്കെ, ഒ.ബി.സിക്ക് 12 ശതമാനം സംവരണം ഉറപ്പാക്കിയെങ്കിലും ജനതാപാർട്ടിയിലെ സവർണരുടെ എതിർപ്പിനെ തുടർന്ന് നടപ്പാക്കായില്ല.
കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ മരണാനന്തര ബഹുമതിയായി ഭാരതരത്‌ന സമ്മാനിച്ചതുമുതൽ കർപ്പൂരി താക്കൂറിന്റെ പാരമ്പര്യം അവകാശപ്പെട്ട് ബീഹാറിൽ രാഷ്‌ട്രീയ തർക്കമുണ്ട്. അന്തരിച്ച് നാലു ദശാബ്‌ദങ്ങൾക്കിപ്പുറം അദ്ദേഹം തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയവുമായി. ഒക്‌ടോബർ 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറിൽ പ്രചാരണം തുടങ്ങിയത് കർപ്പൂരി ഗ്രാമത്തിലെ കോളേജ് ക്യാമ്പസിൽ സ്ഥാപിച്ച കർപ്പൂരി താക്കൂറിന്റെ പ്രതിമയിൽ മാലയിട്ടുകൊണ്ട്. ഒരു കാലത്ത് അവഗണിച്ച ചിലർ കർപ്പൂരിയുടെ പാരമ്പര്യം അവകാശപ്പെടാൻ മത്സരിക്കുകയാണെന്ന് ആർ.ജെ.ഡി, കോൺഗ്രസ് പാർട്ടികളെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു. അതേസമയം കർപ്പൂരിയുടെ പിന്നാക്ക ജാതിക്കാർക്കുള്ള സാമൂഹിക നീതിയാണ് തങ്ങൾ നടപ്പാക്കുന്നതെന്ന് ആർ.ജെ.ഡി അവകാശപ്പെടുന്നു.