
പാട്‌ന: ആർ.ജെ.ഡി ജയിച്ച് തേജസ്വി യാദവ് മുഖ്യമന്ത്രിയായാൽ, ബീഹാറിൽ തട്ടിക്കൊണ്ടുപോകൽ വ്യവസായത്തിനും കൊള്ളയ്‌ക്കും കൊലപാതകം പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകം വകുപ്പുണ്ടാക്കുമെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നലെ ബീഹാറിലെ മുസാഫർപൂരിലും വൈശാലിയിലും റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഹാറിനെ ജംഗിൾ രാജിൽ നിന്ന് രക്ഷിക്കാൻ അവർ വോട്ട് ചെയ്യണം. ഇല്ലെങ്കിൽ ലാലു പ്രസാദ് -റാബ്രി ദേവി ഭരണകാലത്തെ ബീഹാറിന്റെ പതനം പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചുവരും. അന്ന് നിലനിന്നിരുന്ന നിയമരാഹിത്യം മനസിലാക്കാൻ ഗോപാൽഗഞ്ച് ജില്ലാ മജിസ്ട്രേറ്റ് കൃഷ്ണയ്യയുടെ ക്രൂരമായ കൊലപാതകം ഓർത്താൽ മതി. പ്രതിപക്ഷം കാട്ടുഭരണം, അഴിമതി, കുടുംബ രാഷ്ട്രീയം എന്നിവ പ്രോത്സാഹിപ്പിക്കാനാണ് വോട്ടു ചോദിക്കുന്നത്.
തങ്ങൾ അധികാരത്തിലെത്തിയാൽ ബിഹാറിനെ വെള്ളപ്പൊക്ക രഹിതമാക്കാൻ പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും തൊഴിൽ, സ്ത്രീ ശാക്തീകരണം, കാർഷിക വികസനം എന്നിവ നടപ്പാക്കുമെന്നും അമിത് ഷാ ഉറപ്പു നൽകി.