ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നത്തിൽ വെള്ളിയാഴ്ച നിർണായക ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എ.ബി.സി ചട്ടങ്ങൾ (അനിമൽ ബെർത്ത് കൺട്രോൾ റൂൾസ്)​ എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കിയെന്നതിൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സത്യവാങ്മൂലം സമർപ്പിച്ചതോടെയാണിത്. സത്യവാങ്മൂലത്തിലെ വിവരങ്ങൾ സംയോജിപ്പിച്ച് നാളെ കൈമാറണമെന്ന് അമിക്കസ് ക്യൂറിയായ അഡ്വ. ഗൗരവ് അഗർവാളിന് കോടതി നിർദ്ദേശം നൽകി. ഇതു പരിശോധിച്ചാകും ഇടക്കാല ഉത്തരവ്. തെലങ്കാനയും പശ്ചിമബംഗാളും മാത്രമാണ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നത്.

ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാവാൻ ഉത്തരവിട്ടതോടെ

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ വിവരങ്ങൾ അതിവേഗം ശേഖരിച്ച് ഫയൽ ചെയ്യുകയായിരുന്നു. ഭൂരിഭാഗം ചീഫ് സെക്രട്ടറിമാരും ഇന്നലെ നേരിട്ടു ഹാജരായി. നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, സർക്കാർ അഭിഭാഷകൻ സി.കെ. ശശി മുഖേന സമർപ്പിച്ച അപേക്ഷ കോടതി അനുവദിച്ചു. പകരം തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ കോടതിയിലെത്തിയത് രേഖപ്പെടുത്തി. ചീഫ് സെക്രട്ടറിമാർ ഇനി ഹാജരാകേണ്ടതില്ല. വീഴ്ച വരുത്തിയാൽ വീണ്ടും വിളിച്ചുവരുത്തുമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്,​ സന്ദീപ് മേത്ത,​ എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. സർക്കാർ കെട്ടിടങ്ങളുടെ പരിസരത്ത് തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് നിയന്ത്രിക്കുമെന്ന് കോടതി സൂചന നൽകി. ചില സർക്കാർ ജീവനക്കാർ നായകൾക്ക് ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. ഡൽഹിയിൽ തെരുവുനായകൾക്ക് ഭക്ഷണം നൽകാൻ പ്രത്യേകം സ്ഥലമൊരുക്കുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടാകുന്നുവെന്ന പരാതിയിൽ പിന്നീട് വാദം കേൾക്കും.

ഇരകൾക്ക് ഇളവ്

കേസിൽ കക്ഷിചേരണമെങ്കിൽ നായപ്രേമികൾ 25,000 രൂപയും സന്നദ്ധസംഘടനകൾ രണ്ടു ലക്ഷവും കെട്ടിവയ്‌ക്കണമെന്ന് ആഗസ്റ്ര് 22ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

നായകളുടെ ആക്രമണത്തിനിരയായവർ 25,000 രൂപ കെട്ടിവയ്‌ക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഇരകളെ കക്ഷി ചേരാൻ അനുവദിച്ചു. ഇരകളെയും കേൾക്കണമെന്ന് സോളിസിറ്രർ ജനറൽ തുഷാർ മേത്തയും ആവശ്യപ്പെട്ടിരുന്നു. മൃഗക്ഷേമ ബോർഡിനെയും കക്ഷി ചേർത്തു.