
ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്രൽ അറസ്റ്റ് തട്ടിപ്പുക്കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിൽ കടുത്ത ആശങ്കയും ഞെട്ടലും രേഖപ്പെടുത്തിയ സുപ്രീംകോടതി,
ഈ ഭീഷണിയെ ഉരുക്കുമുഷ്‌ടി ഉപയോഗിച്ചു നേരിടുമെന്ന് ഉറച്ചസ്വരത്തിൽ പറഞ്ഞു.ഇതിനായി അന്വേഷണ ഏജൻസികൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുമെന്ന സൂചനയും നൽകി.
3000 കോടിയിൽപ്പരം പൗരന്മാരിൽ നിന്ന് തട്ടിയെടുത്തിരിക്കുന്നു. നിരവധി മുതിർന്ന പൗരന്മാരും തട്ടിപ്പിനിരയായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സി.ബി.ഐയും മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടുകൾ തുറന്ന കോടതിയിൽ പരിശോധിക്കുകയായിരുന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്. ഹരിയാനയിലെ അംബാലയിൽ 73കാരി ഒരുകോടിയിൽപ്പരം രൂപയുടെ തട്ടിപ്പിനിരയായ സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണിത്. മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേരിലുള്ള വ്യാജ സുപ്രീംകോടതി ഉത്തരവ് കാട്ടിയാണ് തട്ടിപ്പിനിരയാക്കിയതെന്ന് ഇര ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് കത്തെഴുതിയിരുന്നു. ഇതോടെയാണ് നേരിട്ട് ഇടപെടാൻ സുപ്രീംകോടതി തീരുമാനിച്ചത്.
അന്വേഷണ ഏജൻസികൾക്ക്
കരുത്ത് കൂട്ടുന്ന ഉത്തരവിറക്കും
ഗുരുതരമായ ഈ സൈബർ കുറ്റകൃത്യം നേരിടാൻ അന്വേഷണ ഏജൻസികൾക്ക് കൂടുതൽ കരുത്ത് വേണം. അവരുടെ കൈകൾ ശക്തമാക്കാൻ കടുത്ത നിർദ്ദേശങ്ങളടങ്ങിയ ഉത്തരവിറക്കും. ഇല്ലെങ്കിൽ പ്രശ്‌നം കൂടുതൽ വഷളാകുമെന്ന് കോടതി നിരീക്ഷിച്ചു. വിദേശത്തിരുന്ന് ചില ക്രൈം സിൻഡിക്കേറ്റുകളാണ് ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്നതെന്ന് സി.ബി.ഐയുടെ റിപ്പോർട്ടിൽ പറയുന്നു. തട്ടിപ്പുസംഘങ്ങൾക്ക് വിപുലമായ സാമ്പത്തിക, സാങ്കേതിക പിൻബലമുണ്ടെന്നും റിപ്പോർട്ടിലുണ്ടെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബർ ക്രൈം വിഭാഗം ഡിജിറ്രൽ അറസ്റ്റ് തട്ടിപ്പുപ്രശ്‌നം കൈകാര്യം ചെയ്യുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. നവംബർ 10ന് കേസ് വീണ്ടും പരിഗണിക്കും. അമിക്കസ് ക്യൂറിയായ അഡ്വ. എൻ.എസ്. നാപ്പിനയ്യ കൈമാറുന്ന ശുപാർശകൾ കൂടി പരിശോധിച്ച് ഉത്തരവിറക്കും.