
ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ആഴ്ച നടത്തിയ ക്ലൗഡ് സീഡിംഗ് പരീക്ഷണമായിരുന്നുവെന്നും പൂർണതോതിൽ നടപ്പാക്കുന്നതിന് മുമ്പ് സാദ്ധ്യത വിലയിരുത്തുന്നതിന് അത്തരം പരീക്ഷണങ്ങൾ അത്യാവശ്യമാണെന്നും കേന്ദ്ര എർത്ത് സയൻസസ് മന്ത്രാലയ സെക്രട്ടറി എം. രവിചന്ദ്രൻ. അത്തരം പരീക്ഷണങ്ങളുടെ ഫലം പരാജയമോ വിജയമോ ആകാമെന്നും അദ്ദേഹം പറഞ്ഞു.
ഐ.ഐ.ടി കാൺപൂരുമായി ചേർന്ന് ഡൽഹി സർക്കാർ കഴിഞ്ഞയാഴ്ച ക്ലൗഡ് സീഡിംഗ് ട്രയലുകൾ നടത്തിയിരുന്നു. വായുമലിനീകരണം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. എന്നാൽ ക്ലൗഡ് സീഡിംഗിന് ശേഷം മഴ പെയ്യാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം, ഡൽഹിയിൽ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 'വളരെ മോശം' നിലയിൽ തന്നെ തുടരുകയാണ്. ഇന്നലെ 316 ആയിരുന്നു ശരാശരി എ.ക്യു.ഐ.