
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിലെ ഗുണ മണ്ഡലത്തിൽ അന്ന് കോൺഗ്രസിലായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ പരാജയപ്പെടുത്തിയ ബി.ജെ.പി നേതാവ് ഡോ. കൃഷ്‌ണപാൽ സിംഗ് യാദവ് നിർണായക ദൗത്യവുമായി ബീഹാറിലുണ്ട്. സിന്ധ്യ ബി.ജെ.പിയിൽ ചേർന്നതിനാൽ 2024ൽ യാദവിന് ഗുണ സീറ്റിൽ മത്സരിക്കാനായില്ല. നിരാശരായ യാദവ സമുദായക്കാരോട് അദ്ദേഹത്തെ പാർട്ടി പരിപാലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. അതിന്റെ ഭാഗമാണ് നിർണായക ദൗത്യങ്ങൾ. എം.ബി.ബി.എസുകാരനായ യാദവ് ഡോക്‌ടർ പണി വിട്ടാണ് പൊതുപ്രവർത്തനം നടത്തുന്നത്.
സമസ്‌തിപൂർ,ധർബംഗ ജില്ലകളിലെ ചുമതലയുമായി മധ്യപ്രദേശിൽ നിന്നുള്ള യുവനേതാക്കൾക്കൊപ്പം മാസങ്ങൾക്ക് മുൻപേ തയ്യാറെടുപ്പ് തുടങ്ങിയെന്ന് യാദവ് കേരളകൗമുദിയോട് പറഞ്ഞു.
?എങ്ങനെയാണ് പ്രവർത്തനം
മണ്ഡലത്തിലെ കർഷകർ,യുവാക്കൾ,സ്‌ത്രീകൾ,ഉദ്യോഗസ്ഥർ എന്നിവരെ നേരിൽ കണ്ട് എൻ.ഡി.എ ഭരണം തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി.
?വിലയിരുത്തൽ
ധർബംഗയിലെ ഖുശ്‌വേർ ആസ്‌താൻ,ഹയാഘട്ട്,സമസ്‌തിപൂരിലെ കല്യാൺപൂർ,വാരിസ് നഗർൻ സമസ്‌തിപൂർ,റോസേര സീറ്റുകളാണ് എന്റെ പരിധിയിൽ. 2020ൽ ഹയാഘട്ടും റൊസേരയും ബി.ജെ.പിയും സമസ്‌തിപൂർ ഒഴികെ മൂന്ന് സീറ്റുകൾ ജെ.ഡി.യുമാണ് ജയിച്ചത്.
4000 വോട്ടിന്റെ മാർജിന് ആർ.ജെ.ഡി ജയിച്ച സമസ്‌തിപൂർ മണ്ഡലം ഇക്കുറി വലിയ ഭൂരിപക്ഷത്തിന് പിടിച്ചെടുക്കും.
?ബീഹാറിലെ സാഹചര്യം
മറ്റു ജില്ലകളിൽ പ്രവർത്തിക്കുന്ന സഹപ്രവർത്തകർ നൽകുന്ന ഫീഡ് ബാക്ക് ബീഹാറിൽ എൻ.ഡി.എയ്‌ക്ക് അനുകൂലം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി നിതീഷിന്റെയും പദ്ധതികൾ ജനങ്ങളെ സ്വാധീനിച്ചു.
?ആർ.ജെ.ഡിയുടെ ജോലി വാഗ്‌ദാനം
ഒരു കുടുംബത്തിൽ ഒരാൾക്ക് ജോലി നടക്കുന്ന കാര്യമല്ലെന്ന് ജനങ്ങൾക്കറിയാം. എൻ.ഡി.എ പദ്ധതി നടപ്പാക്കിയ ശേഷമാണ് വോട്ടു ചോദിക്കുന്നത്.
?മുഖ്യമന്ത്രി ആരാകും,നിതീഷ് തിരിച്ചു വരുമോ
എൻ.ഡി.എയുടെ മുഖ്യമന്ത്രി വരും. ഞങ്ങൾ ഘടകകക്ഷികൾ ഒന്നിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
?അടുത്ത ദൗത്യം
ബിഹാർ കഴിഞ്ഞാൽ പശ്‌ചിമ ബംഗാൾ അല്ലെങ്കിൽ അസാമിൽ. കേരളത്തിലും വരും. ഇഷ്‌ടപ്പെട്ട സ്ഥലമാണ്.