pic

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ രക്ഷപ്പെട്ട ഒരേയൊരാളായ വിശ്വാസ് കുമാർ രമേഷ് ഇന്ന് ജീവിതം തകർന്ന അവസ്ഥയിൽ. വീട്ടുകാരോട് പോലും സംസാരിക്കാതെ ഒറ്റപ്പെട്ട് കഴിയുകയാണ് താനെന്നും മാനസികമായും ശാശീരികമായും തകർന്നുവെന്നും വിശ്വാസ് പറയുന്നു. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് വിശ്വാസിന്റെ വെളിപ്പെടുത്തൽ.
അപകടം നടന്ന് നാല് മാസം പിന്നിടുമ്പോഴും 39കാരനായ വിശ്വാസ് കടുത്ത മാനസികാഘാതത്തിലാണ്. എമർജൻസി എക്‌സിറ്റിന്റെ സമീപമുള്ള സീറ്റിലായിരുന്നു വിശ്വാസ് ഇരുന്നത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചു. കത്തിയമർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് വിശ്വാസ് രക്ഷപ്പെട്ടു വരുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
താൻ തനിച്ചാണ് കഴിയുന്നതെന്നും ഭാര്യയോടും മകനോടും പോലും സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതാനും സീറ്റ് അപ്പുറത്തിരുന്ന ഇളയ സഹോദരൻ അജയ് അപകടത്തിൽ മരിച്ചപ്പോൾ താൻ മാത്രം രക്ഷപ്പെട്ടതിന്റെ വേദന കഠിനമാണെന്നും ബ്രിട്ടീഷ് പൗരനായ വിശ്വാസ് പറയുന്നു. താൻ മാത്രം രക്ഷപ്പെട്ടു എന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.
സഹോദരന്റെ വേർപാട് വലിയ ശൂന്യതയാണ് അവശേഷിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവൻ എന്നെ പിന്തുണച്ചു. അവൻ എന്റെ ബലമായിരുന്നു. ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്. ഒരു മുറിയിൽ ഒറ്റയ്ക്കിരിക്കുന്നു. ആരോടും സംസാരിക്കുന്നില്ല. വീട്ടിൽ തനിച്ചിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്- വിശ്വാസ് പറഞ്ഞു.
തന്റെ കുടുംബത്തിന് ഇപ്പോഴും ദുരന്തത്തിൽ നിന്ന് കരകയറാനായിട്ടില്ലെന്നും ഇളയ സഹോദരൻ ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ചികിത്സയിൽ വിശ്വാസിന് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ ഉണ്ടെന്ന് കണ്ടത്തിയിരുന്നു. ഇന്ത്യയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സെപ്തംബർ 15ന് യു.കെയിൽ തിരിച്ചെത്തിയ തനിക്ക് എൻ.എച്ച്.എസ് വഴി ഇതുവരെ തുടർചികിത്സ ലഭിച്ചിട്ടില്ലെന്ന് വിശ്വാസ് ബി.ബി.സിയോട് വെളിപ്പെടുത്തി.