d

നടപടി നാഷണൽ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണലിന്റേത്

കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവ് ശരിവച്ചു

വാട്സാപ്പിന്റെ യൂസർ ഡേറ്റ മെറ്റ ഗ്രൂപ്പ് കമ്പനികൾക്ക് കൈമാറരുതെന്ന നിർദ്ദേശം റദ്ദാക്കി

ന്യൂഡൽഹി: വാട്സ് ആപ്പിന്റെ 2021ലെ സ്വകാര്യതാ നയത്തിൽ നിയമലംഘനമുണ്ടെന്ന് കണ്ടെത്തി 213.14 കോടി മെറ്റ പ്ലാറ്റ്ഫോംസ് കമ്പനിക്ക് പിഴയിട്ട കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യയുടെ നടപടി ശരിവച്ച് നാഷണൽ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണൽ. അതേസമയം, പരസ്യത്തിന്റെ ആവശ്യത്തിനായി വാട്സ് ആപ്പ് ശേഖരിച്ച യൂസർ ഡേറ്റകൾ മെറ്റ ഗ്രൂപ്പ് കമ്പനികൾക്ക് അഞ്ച് വർഷത്തേക്ക് കൈമാറരുതെന്ന നിർദ്ദേശം റദ്ദാക്കി. മെറ്രയുടെയും വാട്സ് ആപ്പിന്റെയും അപ്പീലുകളാണ് ട്രൈബ്യൂണൽ ചെയർപേഴ്സൺ ജസ്റ്റിസ് അശോക് ഭൂഷൺ, ടെക്‌നിക്കൽ മെ‌ംബർ ബരുൺ മിത്ര എന്നിവരടങ്ങിയ കോറം പരിഗണിച്ചത്.

2024 നവംബറിലാണ് മെറ്രയ്‌ക്കും വാട്സ് ആപ്പിനുമെതിരെയുള്ള കോംപറ്റീഷൻ കമ്മിഷന്റെ ഉത്തരവ്. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവയ്‌ക്കുന്നതിൽ സുതാര്യതയില്ലെന്ന പരാതികളിൽ കമ്മിഷൻ അന്വേഷണം നടത്തിയിരുന്നു. സ്വകാര്യതാനയം സ്വീകരിക്കാൻ യൂസേഴ്സിനെ വാട്സ് ആപ്പ് നിർബന്ധിതരാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മെറ്റയുടെ മേധാവിത്വം അവർ ദുരുപയോഗം ചെയ്‌തെന്നും ഈ പ്രവൃത്തി കോംപറ്റീഷൻ കമ്മിഷൻ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു.