ന്യൂഡൽഹി: മണിപ്പൂരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് കുക്കി വിഘടനവാദികൾ കൊല്ലപ്പെട്ടു. നിരോധിത സായുധ സംഘടനയായ യുണൈറ്റഡ് കുക്കി നാഷണൽ ആർമിയുടെ (യു.കെ.എൻ.എ) അംഗങ്ങളാണിവർ. മൂന്ന് അസാം റൈഫിൾസ് ജവാന്മാർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാവിലെ ആറോടെ ചുരാചന്ദ്പൂരിന് 80 കിലോമീറ്റർ അകലെയുള്ള ഖാൻപി ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ. സായുധരായ വിഘടനവാദികൾ മേഖലയിൽ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കരസേനയും അസാം റൈഫിൾസും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. വിഘടനവാദികൾ വെടിവച്ചതോടെ സേന പ്രത്യാക്രമണം നടത്തി. ഒരാളെ പിടികൂടി. വനത്തിലേക്ക് രക്ഷപ്പെട്ടവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
സമാധാനത്തിന് ഭീഷണി
യുണൈറ്റഡ് കുക്കി നാഷണൽ ആർമി മണിപ്പൂരിൽ തുടർച്ചയായി കുഴപ്പങ്ങളുണ്ടാക്കുന്നുവെന്ന് സുരക്ഷാസേന വിശദീകരിച്ചു. ഒക്ടോബർ 27ന് ഒരു ഗ്രാമ മുഖ്യനെ വധിച്ചു. പ്രാദേശികവാസികളെ ഭീഷണിപ്പെടുത്തുകയാണ്. നിരോധിത സംഘടന മേഖലയിലെ സമാധാനവും സ്ഥിരതയും ഇല്ലാതാക്കാൻ ശ്രമം നടത്തുകയാണെന്നും പ്രസ്‌താവനയിൽ സുരക്ഷാസേന ആരോപിച്ചു. കുക്കി-സോമി വിമത ഗ്രൂപ്പുകളുമായി കേന്ദ്ര-മണിപ്പൂർ സർക്കാരുകൾ സമാധാനക്കരാർ ഒപ്പിട്ടിരുന്നു. എന്നാലതിൽ ഒപ്പിടാൻ യുണൈറ്റഡ് കുക്കി നാഷണൽ ആർമി തയ്യാറായിരുന്നില്ല.