school

ന്യൂഡൽഹി/ തിരുവനന്തപുരം: സി.പി.ഐ എതിർപ്പിനെ തുടർന്ന്,​ പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കത്തു നൽകാൻ തീരുമാനിച്ചെങ്കിലും വൈകിപ്പിച്ചത് ഗുണം ചെയ്തു. എസ്.എസ്.കെ (സമഗ്ര ശിക്ഷ കേരള) വിഹിതത്തിൽ 109 കോടി കേന്ദ്രം അനുവദിച്ചു. ഇതിൽ 92.4 കോടി ഇന്നലെ ലഭിച്ചു.

ശേഷിക്കുന്ന 17.6 കോടി ഇ‍ൗയാഴ്‌ച തന്നെ നൽകുമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പി.എം ശ്രീയിൽ ഒപ്പിടാത്തതുമൂലം നേരത്തെ തടഞ്ഞുവച്ച ഫണ്ടാണിത്. എസ്.എസ്.കെ ഫണ്ട് കേരളത്തിന് നൽകുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം ഇന്നലെ ഉറപ്പു നൽകിയിരുന്നു.

പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടെങ്കിലും തത്കാലം നടപ്പാക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിക്കാനാണ് സി.പി.ഐയുമായി കഴിഞ്ഞയാഴ്ച ധാരണയായത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ തയ്യാറാക്കിയ കത്ത് മുഖ്യമന്ത്രി കണ്ടശേഷം പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയുടെ ഓഫീസിലെത്തിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അഡ്വക്കേറ്റ് ജനറലിന്റെ പരിശോധനയ്ക്കു ശേഷം വകുപ്പ് സെക്രട്ടറി തന്നെയാകും കേന്ദ്രത്തിന് കത്തയയ്ക്കുക.

എസ്.എസ്.കെയുടെ ഭാഗമായ സംസ്ഥാനത്തെ സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്സിന്റെ സ്ഥിര നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്നലെ പരിഗണിക്കവേയാണ് ഫണ്ട് ഉടൻ കൈമാറുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം അറിയിച്ചത്.

ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ്

ഭിന്നശേഷി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്സിന്റെ ഹർജികൾ പരിഗണിച്ചത്. സംസ്ഥാനത്ത് 2800ലധികം പേരാണ് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. അവരിൽ അർഹതപ്പെട്ടവർക്ക് സ്ഥിരനിയമനം നൽകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

എന്നാൽ, ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ഹർജിക്കാർ പരാതിപ്പെട്ടു. ഇത്രയധികം പേർക്ക് സ്ഥിരനിയമനം നൽകുമ്പോഴുള്ള സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാണിച്ച സംസ്ഥാന സർക്കാർ, അധികബാദ്ധ്യത നികത്താൻ യാതൊരു സഹായവും കേന്ദ്രം നൽകുന്നില്ലെന്ന് അറിയിച്ചു. തുടർന്ന് കോടതി കേന്ദ്ര നിലപാട് തേടിയതോടെയാണ് ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പ് നൽകിയത്.

സ്‌പെഷ്യൽ എഡ്യുക്കേറ്റേർമാരുടെ സ്ഥിര നിയമന നടപടികൾ വേഗത്തിലാക്കണമെന്ന് കോടതി കേരളത്തോട് നിർദ്ദേശിച്ചു. 2026 ജനുവരി 31നകം ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കണം.

കുടിശിക 1,158 കോടി

 2025-26 സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവാണ്‌ അനുവദിച്ചത്‌. ഇ‍ൗ സാമ്പത്തികവർഷം 456 കോടിയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്‌

2023-24ലെ അവസാന രണ്ടു ഗഡു ഉൾപ്പെടെ ആകെ 1,158 കോടിയാണ്‌ കുടിശിക

ഫണ്ട് പുസ്തകത്തിനും

ശമ്പളത്തിനും

കേന്ദ്രം അനുവദിച്ച തുക ഭിന്നശേഷി കുട്ടികളുടെ ആവശ്യങ്ങൾക്കും സ്‌പെഷ്യൽ എഡ്യുക്കേറ്റേർമാരുടെ ഒരു മാസത്തെ ശമ്പളത്തിനും വിനിയോഗിക്കുമെന്ന് എസ്.എസ്.കെ വൃത്തങ്ങൾ അറിയിച്ചു. പുസ്തകത്തിനും യൂണിഫോമിനുമായി സംസ്ഥാനം ചെലവാക്കിയതിന്റെ ഒരു വിഹിതവും ഇതിൽ നിന്ന് നൽകും.