shashi

ന്യൂഡൽഹി: കുടുംബ രാഷ്‌ട്രീയത്തിനെതിരെ ലേഖനമെഴുതി കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ശശി തരൂർ എംപി. കുടുംബ രാഷ്‌ട്രീയം ജനാധിപത്യത്തിന് ഗുരുതര ഭീഷണിയാണെന്നും, അർഹത മാനദണ്ഡമാക്കണമെന്നും ലേഖനത്തിൽ പറഞ്ഞു. ബിഹാറിൽ കോൺഗ്രസടങ്ങിയ മഹാസഖ്യത്തിനെതിരെ എൻ.ഡി.എ കുടുംബ രാഷ്‌ട്രീയം ആയുധമാക്കുന്നതിനിടെയാണിത്.

വംശ പരമ്പര രാഷ്ട്രീയത്തിൽ യോഗ്യതയാകുമ്പോൾ ആത്മാർത്ഥതയും അടിത്തട്ടിലെ പ്രവർത്തനവും ദുർബലമാകും. കുടുംബപ്പേരിന്റെ അടിസ്ഥാനത്തിൽ നേതാക്കളെ തിരഞ്ഞെടുക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കും.പാർട്ടികളിൽ കാലാവധിയും ആഭ്യന്തര തിരഞ്ഞെടുപ്പും കർശനമാക്കണം. നിയമപരമായി നിശ്‌ചയിക്കണം. അർഹതയുടെ അടിസ്ഥാനത്തിൽ നേതാക്കളെ തിരഞ്ഞെടുക്കാൻ വോട്ടർമാരെ ബോധവൽക്കരിക്കാനും ശാക്തീകരിക്കാനുമുള്ള യോജിച്ച ശ്രമം വേണം. കുടുംബ രാഷ്ട്രീയം മൂലം 'ജനങ്ങളാൽ, ജനങ്ങൾക്കു വേണ്ടിയുള്ള ജനങ്ങളുടെ സർക്കാർ' എന്ന ആശയം പൂർണ്ണമായി സാക്ഷാത്കരിക്കാൻ കഴിയില്ലെന്നും തരൂർ പറയുന്നു.

ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന നെഹ്‌റു കുടുംബത്തെ ലേഖനത്തിൽ പരാമർശിക്കുന്നു. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ കുടുംബ പാരമ്പര്യം സ്വാതന്ത്ര്യസമരവുമായി ആഴത്തിൽ ഇഴചേർന്നിരിക്കുന്നു. രാഷ്ട്രീയ നേതൃത്വം ജന്മാവകാശമാകാമെന്ന ആശയം എല്ലാ പാർട്ടികളിലും കടന്നുകയറിയെന്നും അദ്ദേഹം പറഞ്ഞു. ബിജു ജനതാദൾ, ശിവസേന, സമാജ്‌വാദി പാർട്ടി, ആർ.ജെ.ഡി, ഡി.എം.കെ തുടങ്ങിയ പാർട്ടികളിലെ കുടുംബാധിപത്യത്തെയും ഉദാഹരിക്കുന്നു.

'കുടുംബാധിപത്യമെന്നത് നെഹ്റു കുടുംബത്തെ ബാധിക്കുന്നതല്ല. ഇന്ത്യക്കായി ജീവിതം സമർപ്പിച്ച കുടുംബമാണ്. ജനപിന്തുണയോടെ അധികാരത്തിലെത്തിയവരാണ്. പ്രധാനമന്ത്രി പദം വേണ്ടെന്ന് പറഞ്ഞ നേതാവാണ് സോണിയ ഗാന്ധി.'

-കൊടിക്കുന്നിൽ സുരേഷ് എം.പി

'തുറന്നു പറഞ്ഞ തരൂരിന് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഗാന്ധി കുടുംബം പ്രതികാര ബുദ്ധിയുള്ളവരാണ്.'

-ഷഹ്സാദ് പൂനെവാല,

ബി.ജെ.പി വക്താവ്