s

ന്യൂഡൽഹി: ബീഹാറിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. എൻ.ഡി.എയ്‌ക്ക് അനുകൂലമായി തരംഗമുണ്ടാകും. ജമുയിലെ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സേനയിൽ സംവരണമെന്ന ആവശ്യമുന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്ത് അരാജകത്വം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നു. രാജ്യഭരണം കുട്ടിക്കളിയല്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം, ബീഹാറിലും വോട്ടുക്കൊള്ളയ്‌ക്കാണ് എൻ.ഡി.എയുടെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. വോട്ടർമാർ അവരെ അധികാരത്തിൽ നിന്ന് പുറത്തുനിർത്തണമെന്നും ആവശ്യപ്പെട്ടു. തൊഴിലിനും, യുവനേതൃത്വത്തിനും വേണ്ടി വോട്ടുചെയ്യാൻ മഹാസഖ്യത്തിലെ നേതാവും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ് വോട്ടർമാരോട് ആഹ്വാനം ചെയ്‌തു. അതേസമയം, ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുംഗേർ മണ്ഡലത്തിലെ ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി സഞ്ജയ് സിംഗ് ഇന്നലെ ബി.ജെ.പിയിൽ ചേർന്നു.

ചാർട്ടേഡ് വിമാനങ്ങളും പ്രൈവറ്റ് ജെറ്രുകളും

പാട്നയിലെ ജയപ്രകാശ് നാരായൺ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇപ്പോൾ ചാർട്ടേഡ് വിമാനങ്ങളുടെയും പ്രൈവറ്റ് ജെറ്രുകളുടെയും ഒഴുക്കാണ്. ദിവസവും രാഷ്ട്രീയ നേതാക്കൾ അടക്കം 130 വി.ഐ.പികൾ വരെ ഇവിടെ വിമാനമിറങ്ങുന്നുവെന്നാണ് കണക്ക്. മുതിർന്ന നേതാക്കൾ പ്രൈവറ്ര് ജെറ്രുകളിലാണ് ബീഹാറിലേക്ക് എത്തുന്നത്. വി.ഐ.പികളുടെ യാത്രയ്‌ക്കായി 23 ഹെലികോപ്റ്ററുകൾ, 12 ചാർട്ടേഡ് വിമാനങ്ങൾ എന്നിവ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ഹെലികോപ്റ്ററുകളിൽ 15 എണ്ണം ബി.ജെ.പിയുടെ ഉപയോഗത്തിനാണ്. ബാക്കിയുള്ളവ കോൺഗ്രസ്, ആർ.ജെ.ഡി, ജെ.ഡി.യു പാർട്ടികൾക്ക്. ബീഹാറിന്റെ മുക്കിലും മൂലയിലും വരെ യാത്ര ചെയ്യാനാണിത്. ഡൽഹിയിൽ നിന്ന് പാട്നയിലേക്കും തിരിച്ചുമായുള്ള സ്വകാര്യ ജെറ്റ് യാത്രയ്‌ക്ക് 18 ലക്ഷത്തിൽപ്പരം രൂപ വിമാനകമ്പനികൾ ഈടാക്കുന്നുവെന്നാണ് സൂചന.