straydogs

 3 ആഴ്ചയ്‌ക്കകം നടപടിയെടുത്ത് അറിയിക്കണം

ന്യൂഡൽഹി: തെരുനായപ്പേടിയിൽ ആശ്വാസം. പൊതുഇടങ്ങളിൽ ഒന്നിനെപ്പോലും കാണരുതെന്ന് ഭരണാധികാരികളോട് സുപ്രീംകോടതി. തെരുവിൽ അലയുന്ന മുഴുവൻ നായ്ക്കളെയും പിടികൂടണം. വന്ധ്യംകരിച്ച് ഷെൽട്ടറിലാക്കണം. വാക്സിനും നൽകണം. മൂന്നാഴ്ചയ്ക്കകം നടപടിയെടുത്ത് സംസ്ഥാനങ്ങൾ അറിയിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, നിരത്തുകൾ തുടങ്ങി നായ്ക്കൾ തമ്പടിച്ച പ്രദേശങ്ങളിൽ നിന്നൊക്കെ പിടിക്കാനാണ് ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങൾക്കാണ് ഉത്തരവാദിത്വം. എ.ബി.സി ചട്ടങ്ങൾ പാലിക്കണം. കോടതി നിർദ്ദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറിമാർ ഉറപ്പുവരുത്തണം. പേവിഷ വാക്‌സിൻ സ്റ്റോക്ക് രേഖ ആശുപത്രികളിൽ സൂക്ഷിക്കണം.

ഡൽഹിയിലെ തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ്, രാജ്യവ്യാപകമായി നടപ്പാക്കാനുള്ള ഉത്തരവ്. ജസ്റ്റിസുമാരായ വിക്രംനാഥ്,​ സന്ദീപ് മേത്ത,​ എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

ജീവിക്കാനുള്ള അവകാശം ഭരണതലത്തിലെ വീഴ്ചകാരണം നിഷേധിക്കപ്പെടരുത്. മനുഷ്യന്റെ സുരക്ഷയുടെ പ്രശ്‌നമാണ്. കേരളത്തിലെ ആറിൽപ്പരം തെരുവുനായ ആക്രമണ മരണമടക്കം കോടതി സൂചിപ്പിച്ചു.

എ.ബി.സി ചട്ടങ്ങൾ എത്രത്തോളം നടപ്പാക്കിയെന്ന് കേരളമടക്കം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇവ കൂടി പരിശോധിച്ചാണ് ഇന്നലെ ഉത്തരവിറക്കിയത്. ഇപ്പോഴുള്ളവയെ പിടിച്ചാൽ പുതിയവ ആ സ്ഥലം കൈയേറുമെന്ന് നായപ്രേമികൾക്കുവേണ്ടി അഭിഭാഷകർ വാദിച്ചപ്പോഴാണ് നിരന്തരം പരിശോധനയ്ക്ക് കോടതി നിർദ്ദേശിച്ചത്.

നായ്ക്കൾ കയറാതെ

വേലി, മതിൽ

1 തെരുവുനായ പ്രവേശിക്കാതിരിക്കാൻ വേലി, മതിൽ, ഗേറ്റ് സ്ഥാപിക്കൽ എന്നിവ 8 ആഴ്ചയ്‌ക്കകം നടപ്പാക്കണം

2 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ തെരുവുനായ ശല്യമില്ലെന്ന് ഉറപ്പാക്കാൻ നോഡൽ ഓഫീസർ വേണം

3 മൂന്ന് മാസം കൂടുമ്പോൾ തദ്ദേശ സ്ഥാപനാധികൃതർ ഇൻസ്‌പെക്ഷൻ നടത്തി നായശല്യം വീണ്ടുമുണ്ടായിട്ടില്ലെന്ന് ഉറപ്പാക്കണം. വീഴ്ചയ്ക്കു നടപടി

4 ഭക്ഷണമാലിന്യങ്ങൾ സ്റ്റേഷനിലും സ്റ്റാൻഡിലും കുമിഞ്ഞുകൂടുന്നില്ലെന്ന് റെയിൽവേ - ഗതാഗത വകുപ്പുകൾ ഉറപ്പാക്കണം

5 തെരുവുനായ ആക്രമണം തടയാനുള്ള രാജ്യവ്യാപക മാർഗരഖ മൃഗക്ഷേമ ബോർഡ് നാലാഴ്ചയ്‌ക്കകം പുറത്തിറക്കണം

.

കന്നുകാലികളെ

ഗോശാലയിലാക്കണം

 ദേശീയപാതകളിലുൾപ്പെടെ അല‌ഞ്ഞുതിരിയുന്ന കന്നുകാലികളെ ഗോശാല നിർമ്മിച്ച് മാറ്റണം

 ദേശീയപാത അതോറിട്ടിയും സംസ്ഥാന സർക്കാരുകളുമാണ് നടപ്പാക്കേണ്ടത്

 കന്നുകാലികൾ കാരണമുള്ള റോഡപകടം പതിവായതോടെയാണ് നിർദ്ദേശം

 രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് അംഗീകരിക്കുകയായിരുന്നു

 അലഞ്ഞുതിരിയുന്ന മൃഗങ്ങളെ കണ്ടെത്താൻ പ്രത്യേക പട്രോളിംഗ് സംഘം വേണം

 പൊതുജനങ്ങൾക്ക് റിപ്പോർട്ടു ചെയ്യാൻ ഹെൽപ്പ് ലൈൻ നമ്പർ തുറക്കണം

 വീഴ്ചയുണ്ടായാൽ ഫീൽഡ് ലെവൽ ഓഫീസർമാർക്കെതിരെ നടപടിയുണ്ടാകും

 8 ആഴ്ചയ്‌ക്കകം ചീഫ് സെക്രട്ടറിമാർ റിപ്പോർട്ട് സമർപ്പിക്കണം. ജനു. 13ന് വീണ്ടും പരിഗണിക്കും

എ.ബി.സി ഷെൽട്ടറിനെതിരെ ഇപ്പോൾത്തന്നെ സംസ്ഥാനത്ത് പ്രതിഷേധമാണ്. പിന്നെങ്ങനെ എല്ലായിടത്തും ഷെൽട്ടർ തുറക്കും

- എം.ബി. രാജേഷ്,

തദ്ദേശവകുപ്പ് മന്ത്രി