s

ന്യൂഡൽഹി: ബീഹാറിൽ കെട്ടുകണക്കിന് വിവിപാറ്ര് സ്ലിപ്പുകൾ റോഡിൽ കണ്ടെത്തിയത് രാഷ്ട്രീയ വിവാദമായി. ആർ.ജെ.ഡിയും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രംഗത്തെത്തി. ആരുടെ നിർദ്ദേശത്തെ തുട‌ർന്നാണ് അവ റോഡിൽ ഉപേക്ഷിച്ചതെന്ന് ചോദിച്ചു. ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തു. സമസ്‌തിപൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. സരായ്‌രഞ്ജൻ നിയമസഭാ മണ്ഡലത്തിലെ കെ.എസ്.ആർ കോളേജിനു സമീപമാണ് വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയത്. സമസ്‌തിപൂർ ജില്ലാ മജിസ്ട്രേട്ട് സ്ഥലം സന്ദർശിച്ചു. മുഴുവൻ സ്ലിപ്പുകളും ശേഖരിച്ചു. മോക് പോളിംഗിന് ഉപയോഗിച്ചതാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 6ന് തൊട്ടുമുൻപായി ഇ.വി.എമ്മിന്റെ പ്രവർത്തനം പരിശോധിക്കാൻ മോക് പോളിംഗ് നടത്തിയിരുന്നു. സ്ലിപ്പുകൾ അലക്ഷ്യമായി കൈകാര്യം ചെയ്‌തതിലാണ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ.