കൊച്ചി: അഞ്ച് നൂറ്റാണ്ട് മുമ്പ് പോർച്ചുഗീസ് കപ്പിത്താൻ വാസ്കോഡ ഗാമ ഫോർട്ട്കൊച്ചിയിൽ താമസിച്ച ബംഗ്ലാവിൽ ഇപ്പോൾ സന്ദർശകരെ സ്വീകരിക്കുന്നത് കല്ലൂർ കുടുംബം. മൂന്ന് തവണ കേരളം സന്ദർശിച്ച ഗാമ മാസങ്ങളോളം താമസിച്ചത് കൊട്ടാരസദൃശ്യമായ ഈ ബംഗ്ലാവിലാണ്. ഗാമയുടെ ഭൗതികശരീരം അടക്കിയ സെന്റ് ഫ്രാൻസിസ് പള്ളിക്ക് തൊട്ടുപിന്നിലാണ് പോർച്ചുഗീസ് വാസ്തുവിദ്യയിൽ തീർത്ത വാസ്കോ മണിമാളിക. എറണാകുളം മഹാരാജാസ് കോളേജിലെ ആദ്യ പ്രിൻസിപ്പലും ബ്രിട്ടിഷുകാരനുമായ ആൽഫ്രഡ് ഫോർബ്സ് സീലി ഉൾപ്പെടെ പ്രഗത്ഭർ ഇവിടെ താമസിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ ഉടമ ജോർജ് ടോം സന്തോഷ് എന്ന സന്തോഷ് ടോമിന്റെ പിതാമഹൻ കല്ലൂർ ജോർജ് 1965ലാണ് ബംഗ്ലാവ് വാങ്ങുന്നത്. റോയൽ എയർഫോഴ്സിൽ പൈലറ്റായിരുന്ന പിതാവ് കല്ലൂർ ജോർജ് ജോസഫാണ് ഗാമയെപ്പറ്റിയും ബംഗ്ലാവിനെക്കുറിച്ചും മകനോട് പറഞ്ഞത്. കേരള വിനോദ സഞ്ചാരവകുപ്പ് വെബ്സൈറ്റിൽ ഇക്കാര്യം രേഖപ്പെടുത്തിയതോടെ വാസ്കോ ഹൗസിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. ‘വോക്കിംഗ് ടൂർ മാപ്പി’ലും വാസ്കോ ബംഗ്ലാവുണ്ട്.
സന്തോഷ് ടോം ദുബായിലും ഖത്തറിലും ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്ത് മടങ്ങിയെത്തിയിട്ട് 28 കൊല്ലമായി. ഭാര്യ ഷീബ, മെക്കാനിക്കൽ എൻജിനിയറായ മകൻ ആലൻ, അദ്ധ്യാപികയായ മകൾ അവറീന, മരുമകൻ ഡയറൽ, പേരക്കുട്ടി ഇത്തൻ എന്നവരാണ് വാസ്കോ ഹൗസിലെ മറ്റ് കുടുംബാംഗങ്ങൾ.
* കച്ച് കല്ലുകൾ കൊണ്ട് പടിക്കെട്ട്, കുതിരലായം
എ.ഡി 1500 കാലഘട്ടത്തിലാണ് ബംഗ്ലാവ് പണികഴിപ്പിച്ചതെന്ന് കരുതുന്നു. ഗുജറാത്തിലെ കച്ചിൽ നിന്ന് കപ്പലിൽ എത്തിച്ച കല്ലു കൊണ്ട് നിർമ്മിച്ച 16 പടിക്കെട്ടുകൾ കടന്നു വേണം മുകൾത്തട്ടിലെത്താൻ. വിശാലമായ ഇടനാഴിക്ക് ഇരുവശത്തെയും ഹാളുകളിലാണ് ഗാമയും കൂട്ടരും ബിസിനസ് ചർച്ച ചെയ്തിരുന്നത്. തേക്കിൻതടിയിൽ തീർത്ത വലിയ വാതിലുകളും പിച്ചളത്താഴുകളും പ്രത്യേക ചിഹ്നങ്ങളും ഗംഭീരം. കെട്ടിടത്തോട് ചേർന്ന് കുതിരലായം, പാചകമുറി, സേവകർക്കും പാചകക്കാർക്കും താമസിക്കാനുള്ള മുറികൾ, താഴെ പലവ്യഞ്ജനങ്ങൾ സൂക്ഷിക്കാനുള്ള വലിയ അറകൾ. യൂറോപ്യൻ ശൈലിയിലുള്ള വലിയ ജനാലകളും തടി മേഞ്ഞ മച്ചും മംഗലാപുരം ഓട് മേഞ്ഞ മേൽക്കൂരയുമുണ്ട്.
1498 മേയ് 20നാണ് ഗാമ കോഴിക്കോട് കാപ്പാട് കടപ്പുറത്ത് കാലുകുത്തുന്നത്. പിന്നീട് 1502 ലും 1524 ലും ഇന്ത്യയിലെത്തി. അവസാനവരവിൽ മലേറിയ പിടിപെട്ട് കൊച്ചിയിലായിരുന്നു അന്ത്യം. പള്ളിയിൽ അടക്കം ചെയ്ത മൃതദേഹം 1538ൽ കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോർച്ചുഗലിൽ എത്തിച്ചു.