മൂവാറ്റുപുഴ: ചായക്കട തിരഞ്ഞെടുപ്പ് ചർച്ചകൾ പഴങ്കഥയായെന്ന് പറയുന്നവർ മാറിനിൽക്കട്ടെ. പായിപ്ര സൊസൈറ്റി പടിയിലെ നൂജുമ്മിന്റെ ചായക്കടയിലെത്തിയാൽ കാണാം നല്ല ചൂടൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ. തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഇവിടത്തെ ചർച്ചകൾക്ക് ചൂടേറിയത്. പ്രഭാത സവാരിക്കാരാണ് ചർച്ചയുടെ തുടക്കക്കാർ. നടത്തം കഴിഞ്ഞ് പുലർച്ചെ തന്നെ ചായ കുടിക്കാൻ എത്തുന്നവർ ചർച്ചയ്ക്ക് തിരികൊളുത്തും. പതിതാളത്തിൽ തുടങ്ങുന്ന ചർച്ച പിന്നെ കൊട്ടിക്കയറും. വാദ പ്രതിവാദങ്ങൾ ശക്തമാകും. ഇടയ്ക്ക് കവിതകളും ഉപമകളും ഒഴുകും. ചർച്ചയ്ക്ക് കൊഴുപ്പേക്കാൻ കടയുടമ നൂജുമ്മിന്റെ ഇടപെടലും ഇടയ്ക്കുണ്ടാകും.
സംഗതി തദ്ദേശ തിരഞ്ഞെടുപ്പാണ് നിലവിലെ വിഷയമെങ്കിലും മോദിയുടെ കേന്ദ്രഭരണം, പിണറായിയുടെ സംസ്ഥാന ഭരണം, കേന്ദ്ര -സംസ്ഥാന പ്രതിപക്ഷങ്ങളുടെ പ്രവർത്തനം, കേരളത്തിലെ ബി.ജെ.പിയുടെ പ്രതീക്ഷകൾ അങ്ങനെ ചർച്ച കത്തിപ്പടരും.
ഏഴുമണിയോടെ രണ്ടാംവട്ട ചർച്ച സജീവമാക്കുന്നത് പൊതുപ്രവർത്തകനായ റെജികുമാർ എത്തുന്നതോടെയാണ്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭരണം മുതൽ പാലസ്തീൻ - ഇസ്രയേൽ യുദ്ധം തുടങ്ങി ലോക രാജ്യങ്ങളിലെ എല്ലാ ചലനങ്ങളും റെജികുമാറിന്റെ വാക്കുകളിൽ നിറയും. കേന്ദ്രഭരണത്തെ എതിർക്കുമ്പോൾ മോദി ഭക്തനായ രവി ഉടനെ കേരള സർക്കാരിനെയും എൽ.ഡി.എഫിനെയും പിണറായി വിജയനേയും കുറ്റപ്പെടുത്തി മുന്നേറും. വാദം മുറുകുമ്പോഴേയ്ക്കും എൽദോസ് വക്കീൽ ഇടപെടും. കോൺഗ്രസ് ക്ഷയിച്ചതാണ് എല്ലാത്തിനും കാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം. സ്വാതന്ത്ര സമര കഥകളിൽ തുടങ്ങി മഹാത്മാഗാന്ധി, നെഹ്റു, ആസാദ്, പട്ടേൽ, ഇന്ദിരാഗാന്ധി എന്നിവരിലൂടെ രാഹുൽ ഗാന്ധിയിലും പ്രിയങ്കഗാന്ധിയിലുമെത്തിയിട്ടേ വക്കീൽ അവസാനിപ്പിക്കൂ. ഇതിനിടയിൽ കേൾവിക്കാരും വഴിയെ പോകുന്നവരും ചർച്ചയുടെ ഭാഗമാകും. ഒടുവിൽ ചർച്ചക്കാർക്കെല്ലാം അവരുടെ ജോലിക്ക് പോകേണ്ട സമയമാകുന്നതോടെ രാവിലെ നാലിന് തുടങ്ങുന്ന ചർച്ചയ്ക്ക് എട്ടുമണിയാകുന്നതോടെ വിരാമമാകും.
രാഷ്ട്രീയ ചർച്ചകളെല്ലാം സൈബർ ഇടങ്ങളിലേക്ക് വഴിമാറിയ ഇക്കാലത്ത് നല്ല രസികൻ ചായക്കട ചർച്ച കാണാനും കേൾക്കാനും പായിപ്ര പോലുള്ള ഗ്രാമങ്ങളിലേക്ക് വരണം. സത്യസന്ധമായ രാഷ്ട്രീയ പ്രബുദ്ധത ഇവിടെ വ്യക്തമായി കാണാം.