കൊച്ചി:എൻ.ഐ.ടികൾ,ഐ.ഐ.ഐ.ടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ 2026-27 അദ്ധ്യയന വർഷ ബി.ഇ/ബി.ടെക്,ബി.ആർക്ക്,ബി.പ്ലാനിംഗ് പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിന് (ജെ.ഇ.ഇ മെയിൻ 2026) 27 രാത്രി 9 വരെ രജിസ്റ്റർ ചെയ്യാം.ജനുവരി സെഷൻ പരീക്ഷയ്ക്കുള്ള വിജ്ഞാപനമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്.രണ്ടാം സെഷൻ ഏപ്രിലിൽ നടക്കും. ഇതിനുള്ള വിജ്ഞാപനം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) പിന്നീട് പ്രസിദ്ധീകരിക്കും.
പേപ്പർ 1,പേപ്പർ 2 എന്നിങ്ങനെ രണ്ടു വിഭാഗമായാണ് പരീക്ഷകൾ നടക്കുക.പേപ്പർ ഒന്നിൽ അണ്ടർ ഗ്രാജ്വേറ്റ് എൻജിനിയറിംഗ് (ബി.ഇ/ബി.ടെക്) പരീക്ഷയും പേപ്പർ രണ്ടിൽ ബി.ആർക്ക്,ബി.പ്ലാനിംഗ് കോഴ്സ് പ്രവേശന പരീക്ഷയും നടക്കും.ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാ യോഗ്യതയും ജെ.ഇ.ഇ മെയിൻ സ്കോറിന്റെ അടിസ്ഥാനത്തിലാണ്.
ഇംഗ്ലീഷ്,ഹിന്ദി,മലയാളം ഉൾപ്പെടെ 13 ഭാഷകളിലാണ് പരീക്ഷ നടക്കുക.പരീക്ഷാ ഫീസ് ക്രെഡിറ്റ്/ഡെബിറ്റ്/നെറ്റ് ബാങ്കിംഗ്/യുപിഐ വഴി അടയ്ക്കണം.
വിശദ വിവരങ്ങൾക്ക്: https//jeemain.nta.nic.in/.
പ്രധാന തീയതികൾ
1. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 27.11.2025 രാത്രി 9 വരെ.
2. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 27.11.2025 രാത്രി 11.50.
3. എക്സാമിനേഷൻ സിറ്റി അറിയിപ്പ്: 2026 ജനുവരി ആദ്യ ആഴ്ച.
4. പരീക്ഷാ തീയതി: 2026 ജനുവരി 21 മുതൽ 30 വരെ.
5. ഫല പ്രഖ്യാപനം: 2026 ഫെബ്രുവരി 12.