കൊച്ചി: തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ക്ഷേത്രക്കുളത്തിന്റെ ഭാഗം സ്വകാര്യ സംഘടനയ്ക്ക് നൽകാൻ കൊച്ചിൻ ദേവസ്വംബോർഡിന്റെ ഒത്തുകളി. തൃപ്പൂണിത്തുറ ചക്കംകുളങ്ങര ഗ്രൂപ്പിന് കീഴിലെ ക്ഷേത്രത്തിന്റെ രണ്ടേക്കറോളം വരുന്ന കുളത്തിന്റെ കിഴക്കുഭാഗത്ത് അന്യോന്യം എന്ന സംഘടനയ്ക്ക് അവരുടെ ചെലവിൽ കുളപ്പുര പണിയാൻ ദേവസ്വം മരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ കെ.കെ. മനോജാണ് സെപ്തംബർ 14ന് ഉത്തരവിറക്കിയത്. ദേവസ്വം ബോർഡിലെ നടപടിക്രമങ്ങളെല്ലാം ലംഘിക്കപ്പെട്ടു.
തൃപ്പൂണിത്തുറയിലെ നമ്പൂതിരി സമുദായാംഗങ്ങളുടെ സംഘടനയാണ് അന്യോന്യം. ഇവരുടെ പൂജാ, ബലികർമ്മങ്ങളാണ് കുളത്തിനോടുചേർന്ന നാലുകെട്ടിൽ നടക്കുന്നത്. തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മിഷണറുടെയും ചക്കംകുളങ്ങര ഗ്രൂപ്പ് ഓഫീസറുടെയും റിപ്പോർട്ടുകൾ സ്വീകരിച്ച് ദേവസ്വം പരിഗണിക്കുന്നതിനുപകരം അന്യോന്യത്തിന്റെ അപേക്ഷ ദേവസ്വംബോർഡ് നേരിട്ടുവാങ്ങി അനുമതിനൽകി മരാമത്ത് വിഭാഗത്തിന് കൈമാറുകയായിരുന്നു. ദേവസ്വത്തിന്റെ അനുമതിയില്ലാതെതന്നെ അന്യോന്യം കുളത്തിൽ പടിക്കെട്ടുകൾ പണിതിട്ടുണ്ട്. ഇത് മറയ്ക്കുന്നതിന് കുളപ്പുര കെട്ടാനാണ് അനുമതി നേടിയെടുത്തത്. ഇവിടേക്ക് അന്യോന്യത്തിന്റെ ഭൂമിയിലൂടെ മാത്രമാണ് പ്രവേശനം. ക്ഷേത്രചടങ്ങുകൾ നടക്കുന്ന, ശാന്തിമാർ കുളിക്കുന്ന കുളത്തിൽ ബലികർമ്മങ്ങൾ പതിവില്ല.
എതിർപ്പുകളെത്തുടർന്ന് അസി. കമ്മിഷണറുടെയും ഗ്രൂപ്പ് ഓഫീസറുടെയും മീറ്റിംഗ് ബോർഡ് വിളിച്ചിട്ടുണ്ട്. തീയതി തീരുമാനിച്ചിട്ടില്ല. തന്ത്രിയുടെ അഭിപ്രായവും തേടും. തന്ത്രിയുടെ കുടുംബാംഗങ്ങളും വിവാദസംഘടനയുടെ ഭാഗമാണ്. തന്ത്രികുടുംബാംഗമായ ദേവസ്വം മരാമത്ത് അസി. എൻജിനിയറും ക്ഷേത്രത്തിൽ തന്ത്രിപൂജയ്ക്ക് എത്താറുണ്ട്.
• എതിർപ്പുമായി ഭക്തർ
ഒരു സമുദായത്തിന്റെ മാത്രം ആവശ്യത്തിന് ക്ഷേത്രക്കുളം വിട്ടുനൽകുന്നത് ശരിയല്ലെന്നും ഇവർ ഇപ്പോൾത്തന്നെ പൂജാസാമഗ്രികൾ വലിച്ചെറിഞ്ഞ് കുളം വൃത്തിഹീനമാക്കുന്നുണ്ടെന്നും പറഞ്ഞ് ഭക്തർ ദേവസ്വംബോർഡിന് ഭീമഹർജി നൽകി.
• കുളം വിട്ടുതരണമെന്ന് യൂത്ത് മൂവ്മെന്റ്
നായർ, ഈഴവർ, മറ്റ് പിന്നാക്കവിഭാഗങ്ങളും ഉൾപ്പെടുന്ന ഹിന്ദുസമൂഹത്തിന്റെ പൂജാ, ബലികർമ്മങ്ങൾക്കായി കണ്ണൻകുളങ്ങര ക്ഷേത്രക്കുളത്തിന്റെ ഭാഗം വിട്ടുതരണമെന്നും ജാതിഭേദമെന്യേ എല്ലാവർക്കും ഇവിടെ സേവനംനൽകാൻ സംവിധാനങ്ങളൊരുക്കാമെന്നും വ്യക്തമാക്കി എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ യൂത്ത്മൂവ്മെന്റ് ഇന്നലെ ദേവസ്വം ബോർഡിന് കത്തുനൽകി. കുളപ്പുരയും പടവുകളും ഇതിനായി തങ്ങളുടെ ചെലവിൽ നിർമ്മിക്കാമെന്ന് പ്രസിഡന്റ് വിനോദ് വേണുഗോപാലും സെക്രട്ടറി ശ്രീജിത്ത് ശ്രീധറും വ്യക്തമാക്കുന്നു.
• ദുരുദ്ദേശ്യമില്ല
കാൽനൂറ്റാണ്ടായി അന്യോന്യം കുളക്കടവ് ഉപയോഗിക്കുന്നുണ്ട്. ബലികർമ്മങ്ങൾക്ക് വരുന്നവർ കുളിക്കാൻവേണ്ടി മാത്രമാണ് കടവ് ഉപയോഗിക്കുന്നത്. കടവ് ശോച്യാവസ്ഥയിലായതിനാലും സുരക്ഷയ്ക്കും വേണ്ടിയാണ് കുളപ്പുര നിർമ്മാണത്തിന് അനുമതി തേടിയത്.
ജനാർദ്ദനൻ, സെക്രട്ടറി
അന്യോന്യം