തോപ്പുംപടി: സീപ്ലെയ്ൻ പദ്ധതി കേരളത്തിന്റെ ഉൾനാടൻ മത്സ്യബന്ധന മേഖലയെ പരിപൂർണമായും തകർക്കുമെന്ന് വിലയിരുത്തൽ. ആ മേഖലയിൽ മത്സ്യബന്ധന നിരോധനം നടപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഇതിലൂടെ നടപ്പിലാക്കാൻ പോകുന്നതെന്നാണ് വിമർശനം.
കൊച്ചിയിൽ നിലവിൽ തേവരപ്പാലംമുതൽ അഴിമുഖംവരെ ഏഴുകിലോമീറ്റർ വരുന്ന പ്രദേശത്ത് പല വികസന പ്രവർത്തനങ്ങളുടെയും കേന്ദ്ര സ്ഥാപനങ്ങളുടെയും പേരിൽ പൂർണമായ മത്സ്യബന്ധന നിരോധനം നടപ്പാക്കിയിരിക്കുകയാണ്. അവശേഷിക്കുന്ന സ്ഥലമാണ് ബോൾഗാട്ടി. അവിടെ നൂറുകണക്കിന് ചെറുകിട വള്ളങ്ങൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന അവശിഷ്ട സ്ഥലമാണ്. അവിടെയാണ് മത്സ്യബന്ധന നിരോധനം നടപ്പാക്കുക. സിപ്ലെയിൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെയായി ഒരു സംഘടനയുമായി ഫിഷറിസ് വകുപ്പോ മുഖ്യമന്ത്രിയോ ടൂറിസംമന്ത്രിയോ ചർച്ച ചെയ്തിട്ടില്ല.
മത്സ്യബന്ധന മേഖലയിലെ എല്ലാ സംഘടനകളെയും ഇരുട്ടിൽ നിറുത്തിക്കൊണ്ടും അവരുടെ ഉപജീവനം തടയുകയും ചെയ്യുന്ന ഈ നടപടി അടിയന്തരമായി നിറുത്തിവയ്ക്കണമെന്നും മത്സ്യത്തൊഴിലാളി സംഘടനകളുമമായി അടിയന്തര ചർച്ചനടത്തണമെന്നും ആവശ്യപ്പെട്ട് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി മുഖ്യമന്ത്രിക്കും ഫിഷറിവകുപ്പ് മന്ത്രിക്കും ടൂറിസം മന്ത്രിക്കും നിവേദനം നൽകി.
മത്സ്യമേഖലയുടെ ആശങ്കകൾ
1 കേരളത്തിലെ ഉൾനാടൻ മേഖലയിൽപ്പെട്ട പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ മത്സ്യബന്ധന നിരോധനം നടപ്പാക്കുന്ന അവസ്ഥ സംജാതമാകും
2 ഒരു സീപ്ളെയിൻ ഓപ്പറേറ്റ് ചെയ്യപ്പെടുന്ന പ്രദേശത്ത് രണ്ടരകിലോമീറ്റർ ഭാഗം മത്സ്യബന്ധന നിരോധമുണ്ടാകും
3 ബോൾഗാട്ടിക്ക് പുറമേ വിഴിഞ്ഞം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, കോവളം എന്നീ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ നിരോധനം നടപ്പാക്കപ്പെടും
കേരളത്തിലെ ഉത്പാദന മേഖലയെ തകർക്കുന്ന നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് മേഖല തയ്യാറെടുക്കും. മത്സ്യത്തൊഴിലാളികളുടെ ആകുലതകളെ കണക്കിലെടുക്കാത്ത ഈ നടപടികൾക്കെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭ പരിപാടികൾക്ക് രൂപം കൊടുക്കും
ചാൾസ് ജോർജ്, മത്സ്യത്തൊഴിലാളി
ഐക്യവേദി സംസ്ഥാന പ്രസിഡന്റ്