
കൂത്താട്ടുകുളം: അടിസ്ഥാനസൗകര്യങ്ങളില്ലാതെ വലഞ്ഞ് നൂറ്റാണ്ടിലേറെ പഴക്കമുള്ള പൊലീസ് സ്റ്റേഷൻ. 122 വർഷം പഴക്കമുണ്ട് സ്റ്റേഷന്. അനേകം സ്വാതന്ത്ര്യ സമര സേനാനികളെ പാർപ്പിച്ച സ്റ്റേഷനാണിത്. 1903ൽ സ്ഥാപിതമായ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനാണ് ബോർഡിൽ പോലും വെട്ടമില്ലാതെ കഴിയുന്നത്.
എംസി റോഡ് അരികിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷന്റെ ബോർഡ് ഇരുട്ടിൽ ആയിട്ട് ഏറെനാളായി. അതുകൊണ്ട് തന്നെ പൊതുജനത്തിന്റെ ശ്രദ്ധയിൽ വരാറുമില്ല. പരാതിയുമായെത്തുന്നവർ സ്റ്റേഷൻ അന്വേഷിച്ച് ടൗണിൽ അലയുന്നത് പതിവാണ്.
സ്ഥലം പ്രയോജനപ്പെടുത്തണം
സ്റ്റേഷന്റേതായി ഉണ്ടായിരുന്ന ക്വാർട്ടേഴ്സ് ഇടിഞ്ഞു നശിച്ചു. അവിടെ മേഖല റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മത്സ്യകൃഷിയും മറ്റ് പച്ചക്കറി കൃഷികളും പൊലീസിന്റെ സഹകരണത്തോടെ നടത്തിവരികയാണ്. പൊലീസ് ഡിപ്പാർട്ട്മെന്റിന് രണ്ടേക്കറോളം സ്ഥലമുണ്ട് ഇവിടെ. ഈ പ്രദേശം പ്രയോജനകരമായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
കോമ്പൗണ്ട് മനോഹരവും ആകർഷവും ആക്കണം.
അപകടകരമായ വൃക്ഷങ്ങൾ വെട്ടി മാറ്റണം
ചുറ്റുമതിൽ പൂർത്തിയാക്കണം
ഗെയ്റ്റ് സ്ഥാപിക്കണം
പൊലീസുകാർക്ക് ആവശ്യത്തിന് വിശ്രമ മുറികളും ക്വാർട്ടേഴ്സും നിർമ്മിക്കണം
എം .സി .റോഡിൽ മൂവാറ്റുപുഴയ്ക്കും കുറവിലങ്ങാടിനും ഇടയിൽ ഉള്ള ഏക പോലീസ് സ്റ്റേഷനായ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന്റെ ബോർഡ് രാത്രിയിലും പകലും വായിക്കുവാൻ കഴിയില്ല. അടിയന്തരമായി ജനങ്ങൾക്ക് കാണാൻ സാധിക്കുന്ന രീതിയിൽ ബോർഡ് പ്രദർശിപ്പിക്കേണ്ടതാണ്.
കെ. ചന്ദ്രശേഖരൻ
ഖാദി ബോർഡ് മെമ്പർ
ആഭ്യന്തര വകുപ്പിന്റെ കൈവശം ഉള്ള കൂത്താട്ടുകുളത്തെ രണ്ടേക്കർ 10 സെൻറ് സ്ഥലം വർഷങ്ങളായി കോർട്ടേഴ്സുകൾ നശിച്ച് കിടക്കുകയാണ്. അവിടെ പൊലീസ് ട്രെയിനിംഗ് കോളേജ്, ഫ്ലാറ്റുകൾ എന്നിവ പണിയാം. സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണം.
മാർക്കോസ് ഉലഹന്നൻ,
മേഖല സെക്രട്ടറി
റസിഡന്റ്സ് അസോസിയേഷൻ
കൂത്താട്ടുകുളത്തെ പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ കൈവശമുള്ള രണ്ടേക്കർ സ്ഥലത്തിൽ 50 സെന്റ് വിട്ട് നൽകിയാൽ കൂത്താട്ടുകുളത്തെ ഫയർഫോഴ്സ് യൂണിറ്റിന് ആസ്ഥാനമന്ദിരവും ജീവനക്കാർക്ക് ഉള്ള ഫ്ലാറ്റും പണിത് നൽകാവുന്നതാണ്. ആഭ്യന്തര വകുപ്പ് ആവശ്യമായ സ്ഥലം വിട്ടു നൽകിയാൽ ഫയർഫോഴ്സ് ഡിപ്പാർട്ട്മെൻറ് പണിയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.
റോയി എബ്രാഹം
നഗരസഭ മുൻചെയർമാൻ
പൊലീസ് ക്വാട്ടേഴ്സ് സ്ഥലം കൂത്താട്ടുകുളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്ന വിധത്തിൽ വിനിയോഗിക്കണം. അതിന് ഭരണകൂടങ്ങൾ തയ്യാറാകണം.
പി. എം. സ്കറിയ
മുൻ പഞ്ചായത്ത് പ്രസിഡന്റ്