കൊച്ചി: ബസിൽ ബെല്ലടികൾ ഉയർന്നു. പാട്ടുപെട്ടി ഹാപ്പി ബർത്ത് ഡേ ഗാനം പാടി. പ്രണയം മൊട്ടിട്ട ചിറ്റൂർ -ഫോർട്ടുകൊച്ചി റൂട്ടിലോടുന്ന സെന്റ് ജോർജ് ബസ് ആകെ അലങ്കരിച്ച് യാത്രയ്ക്കിടെ ഭാര്യയ്ക്ക് പിറന്നാൾ സർപ്രൈസ് നൽകി ഡ്രൈവറായ ഭർത്താവ്. യാത്രക്കാർക്ക് മധുരം പകർന്ന 'ട്രിപ്പ്' വേറിട്ടതായപ്പോൾ സന്തോഷംകൊണ്ട് ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു. ഫോർട്ടുകൊച്ചി കല്ലറയ്ക്കൽ വീട്ടിൽ ജിതിൻ ആന്റണിയാണ് ഭാര്യ സ്‌നേഹയ്ക്ക് കളർഫുൾ സർപ്രൈസ് നൽകിയത്.

വിവാഹശേഷമുള്ള സ്‌നേഹയുടെ ആദ്യപിറന്നാളായിരുന്നു ശനിയാഴ്ച. ഒരു വർഷം മുമ്പാണ് ജിതിൻ ആന്റണിയുടെയും എറണാകുളം ചിറ്റൂർ സ്വദേശിനി സ്‌നേഹയുടെയും പ്രണയ വിവാഹം. സെന്റ് ജോർജ് ബസിലെ പതിവ് യാത്രക്കാരിയായിരുന്നു സ്‌നേഹ. സൗഹൃദം പ്രണയത്തിന് വഴിമാറി. പിറന്നാൾ സർപ്രൈസ് സ്‌നേഹ എന്നും ഓർത്തിരിക്കണമെന്ന ചിന്തയുമായി ഒരുമാസമായി പല പദ്ധതികളും ആലോചിച്ചെങ്കിലും ബസിലെ സർപ്രൈസ് ആണ് ഉറപ്പിച്ചത്. ചിറ്റൂരിലെ സ്വന്തം വീട്ടിലായിരുന്ന സ്‌നേഹയോട് രാവിലെ സെന്റ് ജോർജ് ബസിൽ കയറി വീട്ടിലേക്ക് വരണമെന്നും വീട്ടിൽ ചെറിയതോതിൽ കേക്കുമുറിച്ച് ആഘോഷിക്കാമെന്നും ജിതിൻ പറഞ്ഞിരുന്നു.

എറണാകുളം ലൂർദ് ആശുപത്രി സ്റ്റോപ്പിൽ നിന്ന് സ്‌നേഹ ബസിലേക്ക് കയറിയതോടെ പാട്ടും മേളവും തുടങ്ങി. കേരളപ്പിറവി ദിനാഘോഷമെന്നാണ് യാത്രക്കാർ ആദ്യം കരുതിയത്. പിന്നീടാണ് ബസിന്റെ ഉടമ കൂടിയായ ഡ്രൈവറുടെ ഭാര്യയുടെ പിറന്നാളാണെന്ന് അറിഞ്ഞത്. ഇതോടെ യാത്രക്കാരും ഒപ്പം കൂടി. പിറന്നാൾ ആശംസകൾ എന്ന് എഴുതിയ സ്നേഹയുടെ ചിത്രവും ബസിൽ പതിപ്പിച്ചിരുന്നു. അഞ്ച് വർഷമായി ജിതിൻ സ്വകാര്യ ബസിന്റെ വളയം പിടിക്കാൻ തുടങ്ങിയിട്ട്. ഒന്നര വർഷം മുമ്പാണ് 29കാരൻ സെന്റ് ജോർജ് ബസ് സ്വന്തമാക്കിയത്. ബ്യൂട്ടീഷ്യൻ കോഴ്സിന് പഠിക്കുകയാണ് സ്നേഹ.

ഭാര്യയുടെ സന്തോഷം കാണാനാണ് വേറിട്ടൊരു പിറന്നാൾ സമ്മാനം നൽകിയത്. യാത്രക്കാരും ഒപ്പം ചേർന്നപ്പോൾ അത് കളർഫുളായി. ജിതിൻ ആന്റണി