
വൈപ്പിൻ: പ്രാഥമികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യകേന്ദ്രം തുടങ്ങിയ ഓമനപേരിലുള്ള ആതുരാലയങ്ങളല്ല, കിടത്തി ചികിത്സ സൗകര്യങ്ങളുള്ള പഴയ സർക്കാർ ആശുപത്രി തന്നെ മതിയെന്ന് പറഞ്ഞ് നാട്ടുകാർ രംഗത്ത്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് അയ്യമ്പിള്ളി, കുഴുപ്പിള്ളി, ചെറായി പ്രദേശങ്ങളിൽ ഉള്ളവരാണ് പ്രതിഷേധവുമായി ഇറങ്ങിയത്. സർക്കാർ ആശുപത്രി പദവി തിരിച്ചു തരണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രൂപീകരിച്ച ആശുപത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ചെറായിയിൽ നിന്ന് അയ്യമ്പിള്ളിയലേക്ക് പദയാത്രയും ആശുപത്രിക്ക് മുന്നിൽ ധർണ്ണയും നടത്തി. കെ. ചന്ദ്രശേഖരൻ, എൻ.എം.രവി, എ.എ. ദിവാകരൻ, ഗിരീശൻ, വിനീഷ്, കെ. കെ. അബ്ദുൾ റഹ്മാൻ, ഉഷാദേവി തുടങ്ങയിയവർ നേതൃത്വം നൽകി.
75 വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ചതാണ് അയ്യമ്പിള്ളി സർക്കാർ ആശുപത്രി. സ്വകാര്യ ആശുപത്രികൾ നാട്ടിലില്ലാത്ത അക്കാലത്ത് സാധാരണക്കാരും സമ്പന്നരും ഒരു പോലെ ആശ്രയിച്ചിരുന്നു. കിടത്തി ചികിത്സ ഉണ്ടായിരുന്ന ആശുപത്രിയുടെ സമീപത്ത് ഡോക്ടർമാർ വാടകയ്ക്ക് താമസിച്ചിരുന്നതിനാൽ ഏതു രാത്രിയിലും ചികിത്സ തേടാമായിരുന്നു.
നിയമം വന്നു, തരംതാണു
2008ൽ കേന്ദ്രതലത്തിൽ ആശുപത്രികളുടെ ക്ലാസിഫക്കേഷൻ ഏർപ്പെടുത്തിയതോടെയാണ് അയ്യമ്പിള്ളി ആശുപത്രിയുടെ ഗതികേട് തുടങ്ങിയത്. താലൂക്ക് ആശുപത്രികൾക്ക് താഴെ ആശുപത്രികൾ വേണ്ടെന്നും ഹെൽത്ത് സെന്ററുകൾ മതിയെന്നുമായിരുന്നു 2008ലെ ആരോഗ്യനയം. ഇതനുസരിച്ച് അയ്യമ്പിള്ളി ആശുപത്രി പ്രാഥമിക ആരോഗ്യകേന്ദ്രമായി തരം താണു. ഇതോടെ കിടത്തി ചികിത്സ ഉപേക്ഷിക്കപ്പട്ടു. പ്രവർത്തനം ഉച്ചവരെ മാത്രമായി. വാർഡുകൾ ഉണ്ടായിരുന്ന കെട്ടിടങ്ങൾ ഉപയോഗശ്യൂന്യമായി. നാട്ടുകാരുടെ പരാതിയെ തുടർന്ന് 3 വർഷം മുൻപ് കുടുംബാരോഗ്യകേന്ദമായി ഉയർത്തപ്പെട്ടു.
പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക ജനറൽ വാർഡുകൾ, പ്രസവ വാർഡ്, കുട്ടികളുടെ വാർഡ്, ക്ഷയരോഗ വാർഡ് തുടങ്ങി മോർച്ചറി വരെ ഉണ്ടായിരുന്നു.
ആവശ്യത്തിന് ഡോക്ടർമാർ, നഴ്‌സിംഗ് സൂപ്രണ്ട് ഉൾപ്പടെ ഉള്ള നഴ്‌സുമാർ, ഫാർമസിസ്റ്റ്, ക്ലർക്ക് എന്നിവരുടെ സേവനവും ലഭിച്ചിരുന്നു
നിലവിൽ രണ്ട് സ്ഥിരം ഡോക്ടർമാരും ബ്ലോക്ക് പഞ്ചായത്ത് താത്കാലികമായി നിയമിച്ച ഒരു ഡോക്ടറുമാണുള്ളത്. സേവനം ഉച്ച 2വരെ ആണ്. സർക്കാർ നിയോഗിക്കുന്ന ഇതരസേവനങ്ങൾ, അവധി എന്നിവ മൂലം പലപ്പോഴും ഇവരിൽ ഒരാൾ മാത്രമേ ആശുപത്രിയിൽ ഉണ്ടാകുകയുള്ളൂ.
കിടത്തി ചികിത്സ, ജനറൽ വാർഡുകൾ, കുട്ടികളുടെ വാർഡ്, പ്രസവവാർഡ്, പോസ്റ്റ്‌മോർട്ടം എന്നിവ ആശുപത്രിയിൽ പുന:സ്ഥാപിക്കണം. അയ്യമ്പിള്ളിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണം.
കെ. ചന്ദ്രശേഖരൻ
പ്രസിഡന്റ്
ആശുപത്രി സംരക്ഷണ സമിതി