വൈപ്പിൻ: വീട്ടുകാരറിയാതെ കൂട്ടൂകാരുമൊത്ത് കാറുമായി ബീച്ച് കാണാൻപോയ പതിനഞ്ചുകാരന്റെ മരണപ്പാച്ചിലിൽ റോഡരികിൽ ബസ് കാത്തുനിന്ന വയോധികയ്ക്ക് പരിക്കേറ്റു. സ്വകാര്യബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളിൽ തട്ടിയിട്ടും നിറുത്താതെപോയ കാറിനെ പൊലീസ് പിടികൂടിയത് സിനിമാസ്റ്റെെൽ ചെയ്സിംഗിൽ. സംഭവത്തിൽ വിദ്യാർത്ഥിയുടെ പിതാവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കാറോടിച്ചിരുന്ന വിദ്യാർത്ഥിയെ രക്ഷിതാവിനൊപ്പം വിട്ടയച്ചു.
വൈപ്പിൻ-മുനമ്പം സംസ്ഥാന പാതയിലും കണ്ടെയ്നർ റോഡിലും ഇന്നലെ രാവിലെയായിരുന്നു നാടകീയരംഗങ്ങൾ. എറണാകുളത്ത് സൂപ്പർമാർക്കറ്റ് നടത്തുന്ന കലൂർ സ്വദേശിയുടെ പത്താംക്ലാസിൽ പഠിക്കുന്ന മകനാണ് സഹപാഠികൾക്കൊപ്പം ചെറായിബീച്ചിൽ പോയത്. വീടിന് പുറത്ത് റോഡിൽക്കിടന്ന ഇന്നോവക്രിസ്റ്റ കാർ പിതാവറിയാതെയാണ് എടുത്തത്.
ചെറായി ബീച്ചിൽനിന്ന് മടങ്ങുംവഴി ചാത്തങ്ങാട് ബീച്ച് ഭാഗത്ത് ഹോണ്ടാസിറ്റി കാറിൽ ഇടിച്ചതോടെയാണ് അപകടപരമ്പരയ്ക്ക് തുടക്കം. ഭയന്നുപോയ വിദ്യാർത്ഥി കാർ നിറുത്താതെ ഓടിച്ചുപോയി. ഇതോടെ ഇടിയേറ്റ കാറിന്റെ ആൾക്കാർ ഡ്യൂക്ക് ബൈക്കിൽ വിദ്യാർത്ഥിയെ പിന്തുടർന്നു. തുടർന്ന് കുഴുപ്പിള്ളി ഭാഗത്ത് എത്തിയപ്പോൾ പറവൂർ - എറണാകുളം റൂട്ടിലോടുന്ന സ്വകാര്യബസിന്റെ സൈഡിൽതട്ടി. ബസിന്റെ പെയിന്റ് ഇളകിയിട്ടുണ്ട്. ഇതിനിടെ പിന്തുടർന്നെത്തിയ ബൈക്ക് കാറിനെ വട്ടമിട്ട് നിറുത്താൻ ശ്രമിച്ചപ്പോൾ ബൈക്കിലും ഇടിച്ചു. തുടർന്നുള്ള മരണപ്പാച്ചിലിൽ എടവനക്കാട് ഹൈസ്കൂളിന് സമീപം സ്റ്റോപ്പിൽ ബസ് കാത്തുനിന്ന താമരവട്ടം സ്വദേശിനി കോമളത്തെ (76) ഇടിച്ചുവീഴ്ത്തി. തലയ്ക്ക് പരിക്കേറ്റ കോമളം സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും ചികിത്സതേടി. മറ്റ് രണ്ട് പേർക്കും നിസാര പരിക്കേറ്റു.
അപകടം കാണാനിടയായ എടവനക്കാട് സ്വദേശി ഷിജോയ് അറിയിച്ചതനുസരിച്ച് ഞാറയ്ക്കൽ പൊലീസ് സ്റ്റേഷന് മുന്നിൽ കാർ തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ചുകടന്നു. തുടർന്ന് പൊലീസുകാർ ജീപ്പിൽ പിന്തുടർന്ന് ഗോശ്രീപാലം ഭാഗത്തുനിന്ന് രാവിലെ 9.30 ഓടെയാണ് കസ്റ്റഡിയിലെടുത്തത്.
കാറിന്റെ ആർ.സി ഉടമ കലൂർ സ്വദേശിയെ പ്രതിയാക്കിയാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കാർ ഓടിക്കാൻ നൽകിയതിനാണ് കേസ്. അതേസമയം വീട്ടിൽ സുഖമില്ലാതെ കിടക്കുകയായിരുന്നുവെന്നാണ് പിതാവ് നൽകിയ വിശദീകരണം. വിദ്യാർത്ഥിക്ക് കാർ ഓടിക്കാമെന്ന കാര്യം വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. സഹപാഠികളുടെ വീടുകളിലെ കാർ ഓടിച്ചു പഠിച്ചെന്നാണ് വിദ്യാർത്ഥി പറയുന്നത്. കാറുമായി കൂട്ടിയിടിച്ച മറ്റ് വാഹനങ്ങളുടെ ഉടമകളൊന്നും പരാതിയുമായി സ്റ്റേഷനിൽ എത്തിയിട്ടില്ല.