
കൊച്ചി:നിരത്തുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ഹൈക്കോടതി.സീബ്രാ ലൈനിൻ കാൽനടക്കാർ അപകടത്തിന് ഇരയാകുന്നുവെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. ഡ്രൈവിംഗ് സംസ്കാരം മാറണമെന്ന് നിരന്തരം പറയുന്നുണ്ടെങ്കിലും യാതൊരു മാറ്റവും ഉണ്ടാകുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.ഗതാഗത കമ്മിഷണർ സി.നാഗരാജു,പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു,ട്രാഫിക് ഐ.ജി കാളിരാജ് മഹേഷ് കുമാർ എന്നിവർ ഓൺലൈനായി കോടതിയിൽ ഹാജരായിരുന്നു.കാൽനട യാത്രക്കാരുടെ സുരക്ഷയ്‌ക്കായി സ്വീകരിച്ച നടപടികൾ അവർ വിശദീകരിച്ചു.സീബ്രാ ലൈനുകൾ സുരക്ഷിതമാക്കാനുള്ള പഠനങ്ങളും നടപടികളും തുടങ്ങിയെന്നും വൈകാതെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.അപകട സാദ്ധ്യത ഏറെയായതിനാൽ കാൽനടക്കാരുടെ സുരക്ഷയ്‌ക്കാണ് മുൻഗണന നൽകേണ്ടതെന്ന് കോടതി പറഞ്ഞു.വിഷയം 20ന് വീണ്ടും പരിഗണിക്കും. നടപടിയിലെ പുരോഗതി അറിയിക്കാനായി ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.
'നിയമപദകോശ'വുമായി
ഹൈക്കോടതി
കൊച്ചി: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതി ‘നിയമപദകോശം’ പ്രസിദ്ധീകരിച്ചു. 6375 നിയമപദങ്ങളുടെ മലയാള വാക്കുകൾ ഉൾപ്പെടുത്തി തയാറാക്കിയതാണ് ഈ ഓൺലൈൻ സംവിധാനം. ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ഇതടക്കം വിവിധ ഐ.ടി അധിഷ്ഠിത പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.
ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും പ്രധാന ഉത്തരവുകൾ മലയാളത്തിൽ ലഭ്യമാക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹൈക്കോടതിയിലെ വനിതാ ജീവനക്കാർക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാൽ പരാതി ഉന്നയിക്കാനായി ‘ഷീ ബോക്സ്’ എന്ന ഓൺലൈൻ സംവിധാനവും ഉദ്ഘാടനം ചെയ്തു. പോർട്ടൽ വികസിപ്പിച്ചത് ഹൈക്കോടതി ഐ.ടി സെല്ലിലെ വനിതാ ജീവനക്കാരാണ്.