a

കൊച്ചി: മുൻ കെ.എസ്.ഇ.ബി ആക്ടിംഗ് ചീഫ് എൻജിനീയർ ബി. പ്രദീപിനെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ടെക്നിക്കൽ അംഗമായി നിയമിച്ചത് ചോദ്യം ചെയ്ത ക്വാവാറണ്ടോ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി.

നിയമനം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാരൻ തൃപ്പൂണിത്തുറ സ്വദേശി സി. രാമചന്ദ്രന്റെ ആരോപണം. ചീഫ് എൻജിനീയർ എന്ന നിലയിൽ പ്രദീപ് എടുത്ത പല തീരുമാനങ്ങളും പരിശോധിക്കേണ്ട റെഗുലേറ്ററി കമ്മിഷനിൽ അദ്ദേഹത്തെ നിയോഗിച്ചത് തെറ്റാണ്.

പുനരുപയോഗ ഊർജ ചട്ടങ്ങൾക്ക് രൂപം നൽകിയതിൽ പ്രദീപിന് പങ്കുണ്ട്. കെ.എസ്.ഇ.ബിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതും ഉപഭോക്താക്കൾക്ക് എതിരുമായ ഈ ചട്ടങ്ങൾ പുരപ്പുറം സോളാർ പദ്ധതിക്കും തിരിച്ചടിയായി.

പ്രദീപിനെ നിയമിച്ച രീതിയിലും അപാകതയുണ്ട്. കാരണം വിശദീകരിക്കാതെ ഉയർന്ന മാർക്കും നൽകി. അതിനാൽ നിയമനം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി 14ന് വീണ്ടും പരിഗണിക്കും.