highway

ആലുവ: കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് കൊട്ടിഘോഷിച്ച് നിർമ്മാണോദ്ഘാടനം നടത്തിയ എടത്തല ഗ്രാമീണ ഹൈവേയുടെ നിർമ്മാണം താളം തെറ്റിയ അവസ്ഥയിൽ. എട്ട് കിലോമീറ്റർ പ്രഖ്യാപിച്ചിരുന്ന റോഡ് നാല് കിലോമീറ്ററായി ചുരുങ്ങി. ടാറിംഗിന് ആറ് മീറ്റർ വീതിയുണ്ടാകുമെന്ന പറഞ്ഞ് നാല് മീറ്ററായി. ഇതിനെല്ലാം പുറമെ നിർമ്മാണം ഇഴയുന്നതും ജനങ്ങളെ വലക്കുന്നു. പൊടിശല്യവും രൂക്ഷമാണ്.

പദ്ധതി പ്രഖ്യാപിച്ച് എട്ട് വർഷത്തിന് ശേഷം 2024 ഫെബ്രുവരി 16ന് നിർമ്മാണോദ്ഘാടനം നടത്തിയത്.

കാക്കനാട് പി.എം.ജി.എസ്.വൈ ഓഫീസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് നിർമ്മാണം വൈകാനുള്ള ഒരു കാരണമാണ്. പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതി പ്രകാരം എട്ട് കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്. റോഡിന്റെ ഭൂരിഭാഗവും കനാൽ ഓരത്തുകൂടിയായതിനാൽ റോഡിന് വീതി കൂട്ടുന്നതിനായി ഒരു ഭാഗം സംരക്ഷണ ഭിത്തി കെട്ടണമായിരുന്നു. അതും നടന്നില്ല.

എടത്തലയിലെ 5,6,7,8,9,12,13,15 വാർഡുകളെ ബന്ധപ്പെടുത്തി തേവയ്ക്കലിൽ നിന്നാരംഭിച്ച് എം.ഇ.എസിന് സമീപം അവസാനിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിൽ നിർമ്മാണം നടക്കുന്നതനുസരിച്ച് ശാന്തിഗിരി കഴിഞ്ഞ് ക്രഷറിന് സമീപത്ത് നിന്നാരംഭിച്ച് മുതിരക്കാട്ടുമുകൾ പാലത്തിന് സമീപം അവസാനിക്കുകയാണ്. ഏറിയാൽ നാല് കിലോമീറ്റർ മാത്രം. എട്ട് മീറ്റർ റോഡിൽ ആറ് മീറ്രർ ടാറിംഗ് പറഞ്ഞിരുന്നതും നാലായി ചുരുങ്ങി. മെറ്റലും മെറ്റൽ പൊടിയും ഉറപ്പിക്കുന്ന ജോലികളാണ് നടക്കുന്നത്. ദിവസങ്ങളോളം മുടങ്ങിക്കിടന്ന ശേഷം കഴിഞ്ഞ ദിവസമാണ് നിർമ്മാണം പുനരാരംഭിച്ചത്. പൊടിശല്യം കുറയ്ക്കാൻ രാവിലെയും വൈകിട്ടും വെള്ളം നനക്കുന്നുണ്ടെങ്കിലും കാര്യമില്ല.

മുതിരക്കാട്ടുമുകളിലെ വീതി കുറഞ്ഞ പാലം പൊളിച്ച് പണിയണം. അല്ലെങ്കിൽ റോഡ് പൂർത്തിയാകുമ്പോൾ കുപ്പിക്കഴുത്ത് പോലെയാകും. എട്ട് കിലോമീറ്റർ നീളം പറഞ്ഞിരുന്ന റോഡ് കുറഞ്ഞതിന്റെ കാരണം വ്യക്തമല്ല. പി.എം.ജി.എസ്.വൈ പദ്ധതി ചുമതലയുള്ള ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ അവശേഷിക്കുന്ന ഭാഗം രണ്ടാംഘട്ടത്തിൽ നിർമ്മിക്കുമെന്നാണ് പറയുന്നത്. വീതി കുറഞ്ഞതിനും ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടിയില്ല.

സി.കെ. ലിജി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

നേരത്തെ പ്രഖ്യാപിച്ചതിൽ നിന്നും വ്യത്യസ്തമായി നീളവും വീതിയും കുറച്ച നടപടിക്കെതിരെ സമരം ആരംഭിക്കും. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഒറ്റക്കെട്ടായിട്ടാണ് തീരുമാനം. പൊടിശല്യവും മറ്റ് ബുദ്ധിമുട്ടുകളുമെല്ലാം സഹിച്ചത് നല്ല റോഡിന് വേണ്ടിയാണ്. ജനങ്ങളെ കബളിപ്പിക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

രാജേഷ് ഈരക്കാട്

പ്രദേശവാസി