കോലഞ്ചേരി: കുന്നത്തുനാട്ടിലെ വിവിധ പഞ്ചായത്തുകളിൽ ഇടതു വലതു മുന്നണികളിലെ പടലപിണക്കങ്ങൾ മൂലം സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നു. എല്ലാ പഞ്ചായത്തുകളിലും ട്വന്റി 20 മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായതോടെ ഇരുമുന്നണികൾക്കും സ്വീകാര്യനായ ജനകീയമുന്നണി സ്ഥാനാർത്ഥികളെ രംഗത്തിറക്കാനുള്ള നീക്കങ്ങളും സജീവമാണ്. കിഴക്കമ്പലത്ത് യു.ഡി.എഫിലെ പ്രമുഖരെ രംഗത്തിറക്കി പോരാട്ടം ശക്തമാക്കാനാണ് തീരുമാനം. എം.പി. രാജൻ, ബാബു സെയ്താലി, സജി പോൾ എന്നിവർ മത്സര രംഗത്തുണ്ടെന്നാണ് സൂചനകൾ.

കുന്നത്തുനാട് പഞ്ചായത്തിലെ ഏതാനും വാർഡുകളിൽ ജയ സാദ്ധ്യതയുള്ളതായി വിലയിരുത്തി എൻ.ഡി.എ ജനപിന്തുണയുള്ളവരെ കണ്ടെത്തി പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്.

ട്വന്റി20 കിഴക്കമ്പലം, മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളിൽ വാർഡ്, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി. മതിലെഴുത്തും കാമ്പയിനുമായി പ്രചാരണം സജീവമാക്കി. സ്ത്രീ വോട്ടർമാരെ ലക്ഷ്യം വച്ച് വീടുകൾ തോറുമുള്ള സ്ക്വാഡ് വർക്കിനാണ് പാർട്ടി മുൻതൂക്കം നല്കുന്നത്. വാർഡുകളിലെ 90 ശതമാനം സീറ്റിലും വനിതകളെയാണ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. മുൻ ഭരണ സമിതിയിലുള്ളവരും മത്സരരംഗത്തുണ്ട്.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ മുന്നണികളിലെ അസ്വാരസ്യങ്ങൾ പരിഹരിച്ച് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കുമെന്നാണ് മുന്നണി നേത്വത്വങ്ങൾ പറയുന്നത്. ചില്ലറ തർക്കങ്ങളുണ്ടാകുന്നത് സ്വഭാവീകം മാത്രമാണെന്നും കെട്ടുറപ്പോടെ മത്സര രംഗത്തുണ്ടാകുമെന്നും ഇരു മുന്നണി നേതൃത്വങ്ങളും പ്രതികരിച്ചു. ജനകീയമുന്നണി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കാത്തിരുന്ന് കാണാമെന്നാണ് പ്രതികരണം.

ഘടകകക്ഷികൾക്ക് അമർഷം

ജനകീയ മുന്നണി സ്ഥാനാർത്ഥികളെ പിന്തുണക്കുന്നതിൽ ഇരുമുന്നണികളിലും അമർഷമുള്ളവരുമുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥികൾ കൈപ്പത്തിയിലും സി.പി.എം സ്ഥാനാർത്ഥികൾ അരിവാൾ ചുറ്റിക നക്ഷത്രത്തിലും മത്സരിക്കണമെന്ന നിലപാടിലാണ് ഇവർ. എൽ.ഡി.എഫിൽ സി.പി.ഐ ഉൾപ്പടെയുള്ള ഘടക കക്ഷികൾ മുന്നണി മര്യാദ സി.പി.എം ലംഘിക്കുന്നതായ ആരോപണവുമായി രംഗത്തുണ്ട്. സമാന പരാതി യു.ഡി.എഫിൽ കോൺഗ്രസിനെതിരെ മുസ്ളീം ലീഗിനുമുണ്ട്. ജനറൽ വാർഡുകളിൽ പോലും വിജയ സാദ്ധ്യതയുള്ള വനിതകളെ രംഗത്തിറക്കി വാർഡ് പിടിച്ചെടുക്കാനുള്ള ശ്രമമാണ് മുന്നണി നേതൃത്വം ആലോചിക്കുന്നത്. എന്നാൽ വാർഡുകളിലെ മുൻ നിരയിലുള്ള നേതാക്കൾ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടു വന്നതോടെ സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയാകുന്ന സ്ഥിതിയുമുണ്ട്.