lisy
ഹൃദയം മാറ്റി വയ്ക്കലിന് വിധേയനായ അജ്മൽ, വി.ആർ. രാജേഷ്, ഡോ. റോണി മാത്യു, ഫെൽവിൻ, ഫാ. പോൾ കരടൻ, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ജോ ജോസഫ്, ഫാ. നങ്ങേലിമാലിൽ, ഫാ. ജെറ്റോ തോട്ടുങ്കൽ, ആന്റണി പുതുശ്ശേരി എന്നിവർക്കൊപ്പം

കൊച്ചി: ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മലപ്പുറം പൊന്നാനി സ്വദേശി അജ്മൽ (33) ആശുപത്രി വിട്ടു. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമൽ ബാബുവിന്റെ (25) ഹൃദയമാണ് അജ്മലിന് പുതുജീവൻ നൽകിയത്.

ഈ വർഷം ജനുവരിയിലാണ് അജ്മലിന് ഗുരുതരമായ ഹൃദയാഘാതം ഉണ്ടായത്. ചികിത്സിച്ച ഡോക്ടർമാർ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അജ്മൽ ലിസിയിൽ എത്തി ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവിൽ എന്നിവരുടെ ചികിത്സ തേടിയത്.

അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ അമലിന്റെ കുടുംബത്തിനും സർക്കാരിനും അജ്മൽ നന്ദി പറഞ്ഞു. അജ്മലിന് ശസ്ത്രക്രിയയുടെ സമയത്ത് രക്തം നൽകേണ്ട ആവശ്യം പോലും വന്നില്ലെന്നും ആരോഗ്യനില പൂർണ്ണ തൃപ്തികരമാണെന്നും ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

ഡോ. ജേക്കബ്ബ് എബ്രഹാം, ഡോ. ഭാസ്‌കർ രംഗനാഥൻ, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. പി മുരുകൻ, ഡോ. ജോബ് വിൽസൺ, ഡോ. അരുൺ ജോർജ്, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോർജ്, ഡോ. ആയിഷ നാസർ, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരാണ് ശസ്ത്രക്രിയയിലും തുടർന്നും ടീമിൽ ഉണ്ടായിരുന്നത്.

ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടന്റെ നേതൃത്വത്തിലാണ് ആശുപത്രിയിൽ നിന്ന് അജ്മലിനെ യാത്രയാക്കിയത്.