u

ആമ്പല്ലൂർ: അങ്കണവാടിക്കായി സ്വന്തം ഭൂമിയും കെട്ടിടവും എന്ന ആമ്പല്ലൂർ നിവാസികളുടെ സ്വപ്നം പൂവണിഞ്ഞു. പഞ്ചായത്തിലെ ഒന്നാം വാർഡിലെ 55-ാം നമ്പർ അങ്കണവാടിക്ക് സ്വന്തമായി ഭൂമിയോ കെട്ടിടമോ ഉണ്ടായിരുന്നില്ല. ആദ്യാക്ഷരം നുകരാനെത്തുന്ന കുരുന്നുകൾക്ക് സുരക്ഷിതമായി പഠിക്കാനും കളിക്കാനും ഒരിടം ഒരുക്കണമെന്ന ആഗ്രഹത്തിൽ ഒന്നാം വാർഡ് പഞ്ചായത്ത് അംഗം ബീനാ മുകുന്ദൻ തുനിഞ്ഞിറങ്ങി. ഒടുവിൽ ആമ്പല്ലൂർ വൈഗയിൽ വേണു എസ്. നമ്പീശൻ- എ.ഡി യമുന ദമ്പതികൾ സൗജന്യമായി 3 സെന്റ് സ്ഥലം നൽകിയതോടെ അങ്കണവാടി യാഥാർത്ഥ്യമായി.

മേയ് 14ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ശിലാസ്ഥാപനം നിർവഹിച്ച അങ്കണവാടി കെട്ടിടം അഞ്ചുമാസം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഇന്ത്യയിൽ അങ്കണവാടികൾ പ്രവർത്തനമാരംഭിച്ചതിന്റെ അമ്പതാം വാർഷികത്തിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ബീനാമുകുന്ദൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഡോ. പൂർണിമ കെ. ദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം. തോമസ്, ഷാജി മാധവൻ, ജലജ മോഹനൻ, ജയശ്രീ പത്മാകരൻ, കില റിസോഴ്സ് പേഴ്സൺ കെ.എ മുകുന്ദൻ, ടി.കെ മോഹനൻ, സ്ഥലം സൗജന്യമായി നൽകിയ വേണു എസ്. നമ്പീശൻ,​ എ.ഡി യമുന തുടങ്ങിയവർ സംസാരിച്ചു.

അനുബന്ധ സൗകര്യങ്ങളും ഒരുക്കി

ആമ്പല്ലൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യമായി നിർമ്മിക്കപ്പെടുന്ന കെട്ടിടമാണ് ഇത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിന്റെ അനുബന്ധ സൗകര്യങ്ങളായ ചുറ്റുമതിൽ, ഗേറ്റ്, മുറ്റം ടൈലിംഗ്, റാംപ്, സാനിറ്ററി പ്രവർത്തനങ്ങൾ മുതലായവ ബ്ലോക്ക്,​ ഗ്രാമപഞ്ചായത്ത്,​ സംസ്ഥാന ആവിഷ്കൃത ഐ.സി.ഡി.എസ് ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പാക്കി.