കൊച്ചി: കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക്സ് ശൃംഖലയായ ഹിന്ദ്‌ലാബ്‌സിന്റെ അത്യാധുനിക ലബോറട്ടറികൾ എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്നു. കിറ്റ്‌കോയുമായി സഹകരിച്ചാണ് ഹിന്ദ് ലാബ് എറണാകുളത്ത് എത്തുന്നത്.

ആലുവ പറവൂർ കവലയിലെ ദേശാഭിവർദ്ധിനി കേന്ദ്രത്തിൽ നാളെ മുതൽ ഹിന്ദ്‌ ലാബിന്റെ പ്രധാന കേന്ദ്രവും ഇതിനുകീഴിൽ ആലങ്ങാട്, പാറക്കടവ്, സൗത്ത് കളമശേരി,

കുഴൂർ എന്നിവിടങ്ങളിൽ അനുബന്ധ ലാബുകളും പ്രവർത്തനം തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം നാളെ കുഴൂരിൽ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ആരോഗ്യവകുപ്പിലെയും എച്ച്.എൽ.എല്ലിലെയും കിറ്റ്കോയിലെയും മുതിർന്ന ഉദ്യോഗസ്ഥർ, പ്രാദേശിക സഹകരണ സംഘങ്ങളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

എല്ലാവിധ ലബോറട്ടറി പരിശോധനകൾക്കും 40 ശതമാനം വരെ ഇളവ്, വിദഗ്ദ്ധ ടെക്‌നീഷ്യൻമാരുടെ സേവനം, അത്യാധുനിക ലാബ് എന്നിവയാണ് ഹിന്ദ് ലാബിന്റെ സവിശേഷത. എല്ലാ പ്രവർത്തനങ്ങളും എൻ.എ.ബി.എൽ മാനദണ്ഡങ്ങൾക്കനുസരിച്ചാണ്. ഹോം ബ്ലഡ് കളക്ഷന് 9188900125 എന്ന നമ്പറിൽ ബന്ധപ്പെടാം.