mrd
മരടിൽ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിന് തീപിടിച്ചപ്പോൾ

മരട്: നെട്ടൂരിലെ അജൈവമാലിന്യ സംഭരണകേന്ദ്രത്തിന്

(എം.സി.എഫ്) തീപിടിച്ചു. ഇന്നലെ രാത്രി ഒന്നോടെയാണ് മരട് നഗരസഭ 31-ാം ഡിവിഷനിൽപ്പെട്ട നെട്ടൂരിൽ പാലത്തിന് താഴെയുള്ള എം.സി.എഫിൽ തീ ആളിപ്പടർന്നത്. കടവന്ത്ര, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകൾ പുലർച്ചെവരെ

പ്രയത്നിച്ചാണ് തീയണച്ചത്. ഒരുഘട്ടത്തിൽ തീ നിയന്ത്രണവിധേയമാകാതെ വന്നതോടെ ഒരു യൂണിറ്റ് പാലത്തിന് മുകളിൽനിന്ന് വാട്ടർജെറ്റ് പ്രയോഗിച്ചു. ഇന്നലെ രാവിലെയോടെയാണ് തീ പൂർണ്ണമായി അണച്ച് അഗ്നിരക്ഷാ യൂണിറ്റുകൾ മടങ്ങിയത്.

സമീപത്തുണ്ടായിരുന്ന രണ്ട് മിനി എം.സി.എഫുകളും കത്തിനശിച്ചു.

എം.സി.എഫിന്‌ തീപിടിച്ചതിനുപിന്നിൽ മനപ്പൂർവമായ തീകൊളുത്തലായിരിക്കാമെന്ന് നഗരസഭ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നഗരസഭയിലെ മുഴുവൻ എം.സി.എഫ് കേന്ദ്രങ്ങൾക്കും കാവൽ ഏർപ്പെടുത്തുമെന്നും ചെയർപേഴ്സൺ പറഞ്ഞു. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കി.