padam
ജോമോൻ

കൊച്ചി: പാലാരിവട്ടത്തെ വീട്ടിൽനിന്ന് 1.27ലക്ഷംരൂപ കവർന്ന കുപ്രസിദ്ധ മോഷ്ടാവിനെ മണിക്കൂറുകൾക്കം വലയിലാക്കി സിറ്റി പൊലീസ്. സി.സി ടിവി ദൃശ്യമില്ലാതിരുന്നിട്ടും കവർച്ചാരീതി വിലയിരുത്തിയുള്ള അന്വേഷണമാണ് പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. തൃശൂർ കുഴൂർ കൊടിയൻവീട്ടിൽ കെ.ഡി. ജോമോനാണ് (മാള ജോമോൻ 39) അറസ്റ്റിലായത്. നഷ്ടപ്പെട്ട പണം ആലുവയിലെ ലോഡ്ജിൽനിന്ന് വീണ്ടെടുത്തു. ജനൽക്കൊളുത്ത് അറുത്ത് വീടിനുള്ളിൽ കയറുന്ന മോഷ്ടാവാണ് ജോമോൻ. ഇതാണ് വിനയായതും.

പാലാരിവട്ടം കമ്പളിലൈനിലെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്നിനും പുലർച്ചെ 6.30നും ഇടയിലായിരുന്നു കവർച്ച. രാവിലെയാണ് തമിഴ്‌നാട് സ്വദേശിയായ വീട്ടുടമ പണം നഷ്ടപ്പെട്ടത് അറിഞ്ഞത്. തുടർന്ന് പരാതി നൽകി. പാലാരിവട്ടം പൊലീസെത്തി പരിശോധന നടത്തി. വീട്ടിലും സമീപപ്രദേശങ്ങളിലും സി.സി ടിവി ഇല്ലാതിരുന്നത് തുടക്കത്തിൽ വെല്ലുവിളിയായി. മോഷണരീതി വിലയിരുത്തി മൂന്ന് മോഷ്ടാക്കളിലേക്ക് പൊലീസെത്തി. വിശദമായി പരിശോധിച്ച് പിന്നിൽ ജോമോനായിരിക്കുമെന്ന് ഉറപ്പിച്ചു.

തൃശൂരിൽനിന്ന് കാപ്പചുമത്തി നാടുകടത്തിയ ജോമോൻ ആലുവയിലുണ്ടെന്ന് കണ്ടെത്തിയത് നിഗമനത്തിന് കരുത്തായി. ലോഡ്ജുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇരുപതിലേറെ മോഷണക്കേസുകളിൽ പ്രതിയാണ് ജോമോൻ. രണ്ടുവർഷംമുമ്പ് പാലാരിവട്ടത്തുതന്നെ മോഷണം നടത്തിയിരുന്നു. ഈ പരിചയത്തിലാണ് പാലാരിവട്ടത്ത് വീണ്ടുമെത്തിയത്. ആലുവയിലെ ലോഡ്ജിൽ തമ്പടിച്ച് ജില്ലയിൽ പലയിടത്തായി കറങ്ങിനടന്ന് മോഷണം നടത്തിവരികയായിരുന്നു.

പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ആളുള്ള വീട്ടിൽ മാത്രമേ മോഷണം നടത്തുകയുള്ളു. കിട്ടുന്ന പണം ലോട്ടറിയെടുക്കാനും മദ്യപിക്കാനുമാണ് ഉപയോഗിക്കുക.