
തിരുവനന്തപുരം : കേരള സ്‌മോൾ സ്‌കെയിൽ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ ജീവജലം ബ്രാൻഡിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ഗുണമേന്മയുള്ള 20 ലിറ്റർ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ നേരിട്ടെത്തിക്കാനാണ് ജീവജലം ലക്ഷ്യമിടുന്നത്. 20 ലിറ്റർ കാൻ വെള്ളത്തിന്റെ വില 40 രൂപയാണ്. കുടിവെള്ളത്തിന്റെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കിയതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് പൂർണമായി കൈമാറാനാണ് ശ്രമം. നിലവിൽ ഈ മേഖലയെ വിതരണ മാഫിയകളാണ് നിയന്ത്രിക്കുന്നത്.
നിർമ്മാതാക്കളിൽ നിന്ന് 20 ലിറ്റർ വെള്ളം ആറ് മുതൽ 18 രൂപയ്ക്ക് വാങ്ങി 60 രൂപയ്ക്കാണ് വിതരണക്കാർ വിൽക്കുന്നത്. അസോസിയേഷൻ പ്രസിഡന്റ് സോമൻ പിള്ള, സെക്രട്ടറി അഡ്വ. ജിമ്മി വർഗീസ്, ട്രഷറർ മനോജ് കുമാർ, സിനിമ നടി പ്രവീണ, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് നിസറുദ്ദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.