കൊച്ചി: പത്ത് ദിവസം നീണ്ടുനിൽക്കുന്ന 28ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ ഭദ്രദീപം തെളിച്ചു. എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ മഹാകവി അക്കിത്തം വേദിയിൽ നടന്ന ചടങ്ങിൽ പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് മുഖ്യാതിഥിയായി. പുസ്തകോത്സവസമിതി ചെയർമാൻ പ്രൊഫ.കെ.വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.വി. ആനന്ദബോസ് രചിച്ച 14 പുസ്തകങ്ങളുടെ പ്രകാശനം യു.പി. ഗവർണർ നിർവഹിച്ചു.
മേയർ അഡ്വ.എം. അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി. സി.വി. ആനന്ദബോസിന്റെ 'മിത്തും സയൻസും ഒരു പുനർവായന" എന്ന പുസ്തകത്തിന് പുസ്തകോത്സവസമിതി ഏർപ്പെടുത്തിയ മലയാളരത്‌നം പുരസ്കാരം ഗവർണർ ആനന്ദിബെൻ പട്ടേൽ സമർപ്പിച്ചു. ആനന്ദബോസ് ആയ തനിക്ക് ആനന്ദിബെൻ ആയ യു.പി ഗവർണർ സമർപ്പിച്ച പുരസ്കാരം പരമാനന്ദകരമായെന്ന് ആനന്ദബോസ് പ്രതികരിച്ചു. പുസ്തകോത്സവത്തോടനുബന്ധിച്ച് 10 ദിവസം നീണ്ടുനിൽക്കുന്ന വിവിധ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം മുൻകേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ എം.ജെ. അക്ബർ നിർവഹിച്ചു. സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ, ഫ്രഞ്ച് സാഹിത്യകാരി ക്ലെയർ ലി മൈക്കിൾ എന്നിവർ സംസാരിച്ചു. പുസ്തകോത്സവ സമിതി ജനറൽ കൺവീനർ ഇ.എം. ഹരിദാസ് സ്വാഗതവും പി. സോമനാഥൻ നന്ദിയും പറഞ്ഞു.
രാവിലെ ഉദ്ഘാടന വേദിയിൽ എത്തിയ ഗവർണർമാരെ കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂൾ ബാൻഡ് വാദ്യത്തോടെ സ്വീകരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെയും, തുണിത്തരങ്ങളുടെയും പ്രദർശനവേദിയായ ഗുജറാത്തിലെ ക്രാഫ്റ്റ് റൂട്ട്സിന്റെ വലിയ പ്രദർശന ശാല ഇരു ഗവർണർമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇരുവരും ഗുജറാത്തി ഭോജന ശാലയിലെ വിഭവങ്ങൾ രുചിച്ചു. വെസ്റ്റ് ബംഗാൾ ഗവർണർ രചിച്ച പുസ്തകങ്ങൾ പ്രദർശിപ്പിച്ച രാജ്ഭവന്റെ പുസ്തകശാലയുടെ ഉദ്ഘാടനവും ആനന്ദി ബെൻ നിർവഹിച്ചു. മേളയിലെ 250ലധികം സ്റ്റാളുകളും ഗവർണർമാർ സന്ദർശിച്ചു. പുസ്തകോത്സവം 10ന് സമാപിക്കും.