bdjs
ബി.ഡി.ജെ.എസ് എറണാകുളം സിറ്റി ജില്ലാ പ്രവർത്തക സംഗമവും പുതിയതായി പാർട്ടിയിൽ ചേർന്നവർക്കുള്ള സ്വീകരണവും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി​: കേരളത്തി​ൽ യു.ഡി​.എഫും എൽ.ഡി​.എഫും ജാതി​ രാഷ്ട്രീയമാണ് കളി​ക്കുന്നതെന്ന് ബി​.ഡി​.ജെ.എസ് പ്രസി​ഡന്റ് തുഷാർ വെള്ളാപ്പള്ളി​ പറഞ്ഞു. ബി.ഡി.ജെ.എസ് എറണാകുളം സിറ്റി ജില്ലാ സമ്മേളനവും പുതിയ അംഗങ്ങൾക്ക് സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ളീം ലീഗെന്ന മതസംഘടനയാണ് യു.ഡി.എഫിന്റെ പ്രധാന പങ്കാളി. ഐ.എൻ.എൽ പോലെയുള്ള മതതീവ്രവാദികളുമായി ചേർന്നാണ് എൽ.ഡി.എഫിന്റെ രാഷ്ട്രീയ പ്രവർത്തനം. ഇവരാണ് ബി.ജെ.പിയെയും ബി.ഡി.ജെ.എസിനെയും വർഗീയ ചാപ്പ കുത്തി ആക്ഷേപിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ഒരു പോലെ കണ്ടാണ് എൻ.ഡി.എ സർക്കാരിന്റെ പ്രവർത്തനം. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി അസൂയാവഹമാണ്. എന്നാൽ കേരളത്തിന്റെ അവസ്ഥ പരിതാപകരമാണ്.

സാമൂഹ്യനീതി​ക്ക് വേണ്ടി​യാണ് ബി​.ഡി​.ജെ.എസി​ന്റെ പോരാട്ടം. ജാതി​, മത പരി​ഗണനകൾക്ക് അതീതമായി​ സമൂഹത്തി​ന്റെ എല്ലാ വി​ഭാഗത്തി​ലെയും പ്രവർത്തകരെയും നേതാക്കളെയും ഉൾപ്പെടുത്തി​യാണ് പാർട്ടി​ പ്രവർത്തനം തുടങ്ങി​യത്. ഇന്ത്യയി​ൽ എല്ലാ ജനവി​ഭാഗങ്ങളും ഇത്രയും ഒത്തൊരുമയോടെ മുന്നോട്ടുപോയത് നരേന്ദ്ര മോദി​ സർക്കാർ അധി​കാരത്തി​ൽ വന്നശേഷമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ നന്ദൻ മാങ്കായിൽ, കെ.കെ. പീതാംബരൻ, ഉമേഷ് ഉല്ലാസ്, പി.എം. ജിനീഷ്, മീഡിയ കൺവീനർ സി. സതീശൻ, നേതാക്കളായ എം.എ. വാസു, അഡ്വ.ശ്രീകുമാർ തട്ടാരത്ത്, വി.ടി. ഹരിദാസ്, രഞ്ജിത്ത് രാജ്, ബിന്ദു ഷാജി, ബീന നന്ദകുമാർ, സി.കെ. ദിലീപ്, അഡ്വ.എ. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ഗിരീഷ് തമ്പി, സാനു വൈപ്പിൻ, അർജുൻ ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.