വൈപ്പിൻ: കൊച്ചിൻ ദേവസ്വം ബോർഡ് എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ക്ഷേത്രോത്സവത്തിന് മുന്നോടിയായി പൊഴുതൂൺ നാട്ടൽ കർമ്മം നടന്നു. നാല് കോലിന് മീതെ ഉയരമുള്ള കുറ്റിയിൽ ചന്ദനം, മാല, മാവില, കുരുത്തോല എന്നിവ ചാർത്തി പൊഴുതൂണായി ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്താണ് സ്ഥാപിച്ചത്. മാനം കണ്ണേഴത്ത് ചന്ദ്രൻ ആചാരി കാർമികത്വം വഹിച്ചു. തന്ത്രിയോ ശാന്തിക്കാരോ കൂടാതെ ആചാരി തന്നെ നാളികേരം ഉടച്ച് പൂജ നടത്തി തിരുവുത്സവത്തിന്റെ ലക്ഷണം നിർണയിക്കുന്ന ചടങ്ങാണ് പൊഴുതൂൺ നാട്ടൽ കർമ്മം. ദേവസ്വം ഓഫീസർ രാജീവ്, മേൽശാന്തി ഹരിശങ്കർ എമ്പ്രാന്തിരി, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എ.കെ. സുരേഷ്, സെക്രട്ടറി പ്രമോദ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. നവംബർ 25ന് കൊടിയേറി ഡിസംബർ 4ന് ഉത്സവം സമാപിക്കും.