കൊച്ചി: ഭരണഘടനയ്ക്ക് വിരുദ്ധമായി കേരളത്തിൽ നടപ്പാക്കിയിരിക്കുന്ന മുസ്ലീം, ക്രൈസ്തവ മതസംവരണം തെറ്റാണെന്ന ദേശീയ പിന്നാക്ക കമ്മീഷന്റെ നിലപാട് സ്വാഗതാർഹമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ പറഞ്ഞു. കേരളത്തിലെ മുസ്ലിം ക്രൈസ്തവ സമൂഹം മറ്റു സംസ്ഥാനങ്ങളിലെപ്പോലെ പിന്നാക്കമല്ല. സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഈ വിഭാഗങ്ങൾ പിന്നാക്കമല്ലെന്ന് 2005ലെ രജീന്ദ്രസച്ചാർ കമ്മിറ്റി തന്നെ കണ്ടെത്തിയിരുന്നു. അനർഹർക്ക് സംവരണം നൽകുന്നതുവഴി ഹിന്ദു സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും കിട്ടേണ്ട വിദ്യാഭ്യാസ തൊഴിൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.