suresh
സുരേഷ്

കൊച്ചി: മൂന്നുവർഷംമുമ്പ് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. മുളവുകാട് മുജാത്ത് വീട്ടിൽ സുരേഷിനെയാണ് (33) രാത്രികാല പരിശോധനയ്ക്കിടെ നോർത്ത് മേൽപ്പാലത്തിന് താഴെനിന്ന് പിടികൂടിയത്.

മേൽപ്പാലത്തിന് സമീപം ഇടറോഡിലെ ഹോട്ടലിനുമുന്നിൽ ബീഹാർ വൈശാലി സ്വദേശി ദിലീപ്കുമാർ റാം (33) കുത്തേറ്റ് മരിച്ച കേസിലെ ഏക പ്രതിയാണ് സുരേഷ്. 2022 ഓഗസ്റ്റ് 10ന് രാത്രി 8.45നായിരുന്നു സംഭവം. ഹോട്ടലിൽനിന്ന് ആഹാരംകഴിച്ച് പുറത്തിറങ്ങിയ ദിലീപും പ്രതിയും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തൊട്ടടുത്ത ആക്രിക്കടയിൽ നിന്നെടുത്ത ബിയർകുപ്പി പൊട്ടിച്ച് ദിലീപിന്റെ കഴുത്തിന് കുത്തി. രക്തംവാർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും കടന്ന പ്രതിയെ ഒരുമാസം കഴിഞ്ഞ് എറണാകുളം നഗരത്തിലെ ബിവറേജസ് ഔട്ട്ലെ‌റ്റിൽ മദ്യംവാങ്ങാൻ എത്തിയപ്പോഴാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്.

ഈ കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയശേഷം സുരേഷിനെപ്പറ്റി പൊലീസിന് വിവരം ഇല്ലായിരുന്നു. കഴിഞ്ഞദിവസം രാത്രി മേൽപ്പാലത്തിന് സമീപം മദ്യപിച്ച് അക്രമാസക്തനായ നിലയിൽ കാണപ്പെട്ട പ്രതിയെ നോർത്ത് എസ്.ഐമാരായ ഹരികൃഷ്ണൻ, അനീഷ്, സി.പി.ഒ അരുൺ, വിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.