മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ ഒന്നാം വാർഡിലെ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചതോടെ നഗരസഭയിലെ ഉയർന്ന പ്രേദേശങ്ങളിൽ ഒന്നായ ഓലിപ്പാറ പ്രദേശത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. രണ്ട് ഘട്ടമായാണ് ഓലിപ്പാറ കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. 2019ൽ എൽദോ എബ്രഹാം എം.എൽ.എയുടെ കാലഘട്ടത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പദ്ധതിയുടെ ഒന്നാംഘട്ടമായി കിണറും അനുബന്ധ ടാങ്കും നിർമ്മിച്ചിരുന്നു, ബേബി ഓലിപ്പാറ എന്ന വ്യക്തിയാണ് കിണറിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകിയത്, രണ്ടാം ഘട്ടത്തിൽ പൈപ്പ് ലൈൻ എക്സ്റ്റൻഷൻ, ഫിൽറ്റർ സ്ഥാപിക്കുക ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തീകരിച്ചാണ് പദ്ധതി നാടിന് സമർപ്പിച്ചത്. പദ്ധതി യാഥാർത്ഥ്യമായതോടെ 35 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.
ഓലിപ്പാറ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടം നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ മീര കൃഷ്ണൻ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിസ അഷറഫ്, ജോസ് കുര്യാക്കോസ്, പി.വി. അബ്ദുൽ സലാം, മുൻ നഗരസഭാ ചെയർപേഴ്സൺ മേരി ജോർജ് തോട്ടം, പി.കെ. ബാബുരാജ്. നഗരസഭാ കൗൺസിലർമാരായ പി.വി. രാധാകൃഷ്ണൻ, ആർ. രാകേഷ്, ജാഫർ സാദിഖ്, പി.എം. സലിം, നെജില ഷാജി, കെ.കെ. സുബൈർ തുടങ്ങിയവർ പങ്കെടുത്തു.