maheendra

കൊച്ചി: മഹീന്ദ്ര ഇലക്ട്രിക് എസ്‌.യു.വികൾക്ക് ഡിജിറ്റൽ കാർ കീ ലഭ്യമാക്കാൻ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡായ സാംസംഗുമായി ധാരണയിലായി. കാറുടമകൾക്ക് വാഹനങ്ങൾ ലോക്ക് ചെയ്യാനും അൺലോക്ക് നടത്താനും സ്റ്റാർട്ട് ചെയ്യാനും ഗാലക്‌സി സ്മാർട്ട്‌ഫോണുകൾ സുഗമമായി ഇതിലൂടെ ഉപയോഗിക്കാനാകും.
സാംസംഗ് വാലറ്റിനൊപ്പം ഡിജിറ്റൽ കാർ കീ സംവിധാനം ഉൾപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ വാഹന നിർമ്മാതാവാണ് മഹീന്ദ്ര. ഫോൺ നഷ്ടപ്പെട്ടാലോ മോഷണം പോയാലോ, 'സാംസംഗ് ഫൈൻഡ്' സേവനത്തിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും. ഡാറ്റ മായ്ച്ചുകളയാനും കഴിയും.
ഗാലക്‌സി ഉപയോക്താക്കൾക്ക് ഡിജിറ്റൽ കീ, പേയ്‌മെന്റ് മാർഗങ്ങൾ, ഐ.ഡി കാർഡുകൾ തുടങ്ങിയവ സുരക്ഷിത ആപ്പിൽ സൂക്ഷിക്കാൻ സഹായിക്കുന്ന ബഹുമുഖ പ്ലാറ്റ്‌ഫോമാണ് സാംസംഗ് വാലറ്റ്.
ഗാലക്‌സി ഇക്കോസിസ്റ്റത്തിലൂടെ സുരക്ഷിതവും ബന്ധിപ്പിക്കപ്പെട്ടതുമായ അനുഭവങ്ങൾ നൽകുകയാണ് ലക്ഷ്യമെന്ന് സാംസംഗ് ഇന്ത്യ സർവീസസ് ആൻഡ് ആപ്‌സ് ബിസിനസ് സീനിയർ ഡയറക്ടർ മധൂർ ചതുർവേദി പറഞ്ഞു.
സാംസംഗ് വാലറ്റിലൂടെ ഡിജിറ്റൽ കാർ കീ അവതരിപ്പിക്കുന്നത് ഡ്രൈവിംഗ് കൂടുതൽ സൗകര്യപ്രദവും സ്മാർട്ട് അനുഭവവും നൽകുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം സി.ഇ.ഒയും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നളിനികാന്ത് ഗോള്ളഗുണ്ട പറഞ്ഞു.