
കൊച്ചി: മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ ആക്ടിവ സ്‌കൂട്ടറുകളുടെ വിൽപ്പന 3.5 കോടി യൂണിറ്റുകൾ കവിഞ്ഞു. 24 വർഷത്തിനിടെയാണ് ഈ നേട്ടം കൈവരിച്ചത്.
മെട്രോ നഗരങ്ങൾ മുതൽ ചെറുപട്ടണങ്ങൾ വരെ ആക്ടിവയുടെ സാന്നിദ്ധ്യമുണ്ട്. 2001ലാണ് ആക്‌ടിവ നിരത്തിലിറക്കിയത്. ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ആക്ടിവ പ്രധാന പങ്ക് വഹിക്കുന്നതായി ഹോണ്ട അധികൃതർ പറഞ്ഞു. 2015ൽ ആക്ടിവ ആദ്യത്തെ ഒരു കോടി ഉപഭോക്താക്കളെ നേടി, തുടർന്ന് 2018ൽ രണ്ട് കോടി വിൽപ്പന മറികടന്നു. സാങ്കേതികവിദ്യയിലും ഉപയോക്തൃ അനുഭവത്തിലും നവീകരിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ ആക്ടിവ, ആക്ടിവ 125 വാർഷിക പതിപ്പുകൾ പുറത്തിറക്കി.
110 സി.സി, 125 സി.സി പതിപ്പുകൾക്ക് പുറമെ 110 സി.സി, 125 സി.സി പതിപ്പുകളിലെ ഡിയോയും പുറത്തിറക്കി. ആക്ടിവ ഇ., ക്യൂസി 1 ഇലക്ട്രിക് സ്‌കൂട്ടറുകൾ എന്നിവയിലൂടെ ഹോണ്ട വൈദ്യുത വാഹന മേഖലയിലും കടന്നു.