കൊച്ചി: കുമ്പളത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബങ്ങളെ ആക്രമിച്ച കേസിലെ പ്രതിയായ യുവാവിനെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. മെഡിക്കൽ റെപ്രസന്റേറ്റീവായ കുമ്പളം കൊപ്പനാൽ റോഡിൽ ഇരവിക്കാട്ടു വീട്ടിൽ അനീഷിനെയാണ് (31) പനങ്ങാട് എസ്.എച്ച്.ഒ വിബിൻദാസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഒളിവിലുള്ള മറ്റ് മൂന്നു പ്രതികൾക്കായി അന്വേഷണം തുടരുന്നു.
തോപ്പുംപടി സ്വദേശികളായ കുടുംബങ്ങൾക്ക് നേരെ ഒക്ടോബർ 10നായിരുന്നു ആക്രമണം. ഈ സമയം പ്രതികൾ ഹോട്ടലിന് സമീപത്തെ റോഡിൽ മദ്യപിക്കുകയായിരുന്നു. കുടുംബങ്ങൾ സഞ്ചരിച്ച ഓട്ടോ ഇതുവഴി പോയപ്പോൾ പ്രതികളുടെ ഇരുചക്ര വാഹനത്തിൽ തട്ടിയതാണ് പ്രകോപനത്തിന് കാരണം. വാക്കേറ്റത്തിന് ശേഷം കുടുംബങ്ങളെ പിന്തുടർന്ന പ്രതികൾ ഹോട്ടലിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെയുൾപ്പെടെ ആക്രമിക്കുകയായിരുന്നു.
സി.സി ടിവി ക്യാമറകൾ പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞത്. അനീഷ് പൊള്ളാച്ചിയിലേക്ക് കടന്നതായി തിരിച്ചറിഞ്ഞ പൊലീസ് അവിടെയെത്തി ഇയാൾ താമസിച്ച ലോഡ്ജിൽ പരിശോധന നടത്തിയെങ്കിലും പ്രതി കോയമ്പത്തൂരിലേക്ക് കടന്നിരുന്നു. കോയമ്പത്തൂരിലേക്ക് സഞ്ചരിച്ച ബസ് പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളായ അനന്തു, അഭിജിത്ത്, വിനീഷ് എന്നിവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ എം.എം. മുനീർ, പൊലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.