കൊച്ചി: ചാർട്ടേർഡ് അക്കൗണ്ടന്റുമാർ രാജ്യപുരോഗതിയിലെ പങ്കാളികളാണെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് പറഞ്ഞു. കരുത്തുറ്റ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്തുപകരുന്നത് ചാർട്ടേർഡ് അക്കൗണ്ടന്റുമാരാണെന്നും അദ്ദേഹം പറഞ്ഞു. ദി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് ഒഫ് ഇന്ത്യ ബോർഡ് ഒഫ് സ്റ്റഡീസ് സംഘടിപ്പിച്ച സി.എ വിദ്യാർഥികളുടെ ദേശീയസമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.സി.എ.ഐ പ്രസിഡന്റ് ചരൺജോത് സിംഗ് നന്ദ അദ്ധ്യക്ഷനായി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംബന്ധിച്ചു. ബാബു എബ്രഹാം കള്ളിവയലിൽ, രോഹിത് റുവാഡിയ, സഞ്ജിബ് സാംഗി, എ.എസ്. ആനന്ദ്, ദീപ വർഗീസ്, ജോളി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.
1500 വിദ്യാർത്ഥികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്ന് നടക്കുന്ന ടെക്നിക്കൽ സെഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 വിദ്യാർത്ഥികൾ പ്രബന്ധം അവതരിപ്പിക്കും. സമ്മേളനം ഇന്ന് സമാപിക്കും.