കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായുള്ള ചുറ്റുമതിൽ നിർമ്മാണത്തിൽ തർക്കം. സ്റ്റേഡിയം പരിസരത്തെ കാരണക്കോടം തോടിന്റെ ഭാഗത്ത് സി.ആർ.ഇസഡ് നിയമം ലംഘിച്ച് അശാസ്ത്രീയമായി മതിൽ പണിയുന്നുവെന്ന കോർപ്പറേഷൻ കൗൺസിലർ എം.ജി. അരിസ്റ്റോട്ടിലിന്റെ ആരോപണത്തെത്തുടർന്ന് കോർപ്പറേഷൻ, ജി.സി.ഡി.എ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ഇറിഗേഷൻ വകുപ്പ് പ്രദേശത്ത് നിർമ്മിച്ചിട്ടുള്ള മതിലിന് മുകളിലാണ് നവീകരണത്തിന്റെ ഭാഗമായുള്ള ചുറ്റുമതിൽ പണിയുന്നത്. ഇത് നിയമലംഘനമാണെന്നും നിർമ്മാണം വെള്ളക്കെട്ടിന് വഴിവയ്ക്കുമെന്നാണ് കൗൺസിലറുടെ വാദം. ഇത് കണക്കിലെടുത്ത് നിലവിലെ നിർമ്മാണം മാറ്റി പ്രദേശത്ത് ജി.സി.ഡി.എയുടെ സ്ഥലത്ത് ചുറ്റുമതിൽ നിർമ്മിക്കാൻ ധാരണയായതായി ഉദ്യോഗസ്ഥർ അറിയിച്ചു.