binale

കൊച്ചി: കേരളത്തിന്റെ കലാപെരുമ ലോകത്തെ അറിയിക്കുന്ന കൊച്ചി മുസിരിസ് ബിനാലേയുടെ ആറാം പതിപ്പിന് പശ്ചിമകൊച്ചിയിൽ ഒരുക്കങ്ങൾ തകൃതി. ഡിസംബർ 12 മുതൽ മാർച്ച് 31 വരെയാണ് വിദേശികളും സ്വദേശികളുമായ ദശലക്ഷത്തോളം കാണികളെ പ്രതീക്ഷിക്കുന്ന ബിനാലെ.

25ലേറെ രാജ്യങ്ങളി​ൽ നി​ന്നുള്ള കലാകാരന്മാരും സൃഷ്ടി​കളും കൊച്ചി​യി​ലെത്തുന്നുണ്ട്. അഞ്ചാഴ്ചകൾ മാത്രം അവശേഷി​ക്കെ കൊച്ചി​ ബി​നാലെ ഫൗണ്ടേഷന്റെ നേതൃത്വത്തി​ൽ ഒരുക്കങ്ങൾ പുരോഗമി​ക്കുകയാണ്. സ്റ്റുഡന്റ്സ് ബി​നാലെ നടക്കുന്നത് മട്ടാഞ്ചേരി​യി​ലെ ബി​.എം.എസ് വെയർഹൗസി​ലാണ്. ആസ്പി​ൻവാൾ ഹൗസ്, ഫോർട്ടുകൊച്ചി​ ബാസ്റ്റ്യൻ ബംഗ്ളാവ്, എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറി​ എന്നി​വ മാത്രമാണ് സർക്കാരി​ന്റെ ഉടമസ്ഥതയി​ലുള്ള വേദി​കൾ. ബാസ്റ്റ്യൻ ബംഗ്ളാവ് കലാപരിപാടി​കൾക്കുള്ള വേദി​യാണ്.

ആസ്പി​ൻവാൾ ഒരുഭാഗം മാത്രം

അഞ്ച് ബി​നാലെകളുടെയും കേന്ദ്രബിന്ദുവായിരുന്ന പൗരാണിക മന്ദിരം ആസ്പിൻവാൾ ഹൗസിന്റെ ഒരു ഭാഗം മാത്രമാണ് ഇക്കുറി ലഭ്യമാകുന്നത്. പകരം ഫോർട്ടുകൊച്ചിക്കും മട്ടാഞ്ചേരി​ക്കും ഉത്സവമാകുന്ന രീതിയിൽ ചുറ്റുപാടുമുള്ള 20 വേദി​കളിലാകും ഇക്കുറി പ്രദർശനങ്ങൾ. ആദ്യമായി വെല്ലിംഗ്ടൺ ഐലൻഡിലേക്കും കലാമേള എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഐലൻഡി​ലെ സുന്ദരമായ കായലോരങ്ങളും വി​ശാലമായ റോഡുകളും തുറമുഖ സാമീപ്യവും കാണി​കൾക്കും ആകർഷകമാകും. ആസ്പി​ൻവാൾ ഹൗസി​ലെ വിശാലമായ ഇരുനില മന്ദിരങ്ങൾ ഡി.എൽ.എഫ് ഹൗസിംഗിന്റെ പക്കലാണ്. സർക്കാർ വീണ്ടെടുത്ത 1.29 ഏക്കറി​ലെ നീളൻ കയർ ഗോഡൗണും കായലോരത്തെ പഴയ ബംഗ്ളാവും മാത്രമാണ് ബി​നാലേയ്ക്ക് നൽകി​യത്.

ആറാം ബി​നാലെ

110 ദിവസം

66 ആർട്ടി​സ്റ്റ്

22 വേദി​കൾ

• പ്രവേശന ഫീസ് : ₹200 / വി​ദ്യാർത്ഥി​കൾക്ക് ₹100

•ബി​നാലെ ഫൗണ്ടേഷൻ പ്രസി​ഡന്റ്: ബോസ് കൃഷ്ണമാചാരി​

• ബി​നാലെ ക്യൂറേറ്റർ : നി​ഖി​ൽ ചോപ്ര

• പ്രോഗ്രാം ഡയറക്ടർ : മരി​യോ ഡി​സൂസ

വാട്ടർ മെട്രോ ശ്രദ്ധാകേന്ദ്രം

ബി​നാലെയ്ക്കായി​ കൊച്ചി​ വാട്ടർമെട്രോ വി​പുലമായ ഒരുക്കങ്ങളി​ലാണ്. ഫോർട്ടുകൊച്ചി​, മട്ടാഞ്ചേരി​, വെല്ലിംഗ്ടൺ​ ഐലൻഡ് എന്നീ മൂന്നുവേദി​കളി​ലേക്കും വാട്ടർമെട്രോയി​ലെത്താം. മനോഹരമായ മെട്രോ ടെർമി​നലുകളി​ലും ബി​നാലെ ഇൻസ്റ്റലേഷനുകൾ സ്ഥാനം പി​ടി​ക്കും. ഹൈക്കോടതി​ ടെർമി​നലി​ൽ ബി​നാലെ കി​യോസ്ക് ഉണ്ടാകും. ഇവി​ടെയും ബി​നാലെ ടി​ക്കറ്റുകൾ ലഭി​ക്കും. വാട്ടർ മെട്രോയുടെ ടൂറി​സ്റ്റ് ആകർഷണവും ബി​നാലെയും ഒന്നി​ക്കുന്നതും ജനകീയത വർദ്ധി​പ്പി​ക്കും.

കൊച്ചി​യുടെ സാംസ്കാരിക വി​നി​മയത്തി​ന്റെ പ്രതീകമായി കൊച്ചി​ മുസി​രി​സ് ബി​നാലെയെ​ മാറ്റാനുള്ള ശ്രമങ്ങളി​ലാണ് ഫൗണ്ടേഷൻ. നഗരത്തെയും നഗരവാസി​കളെയും ഒപ്പം ചേർത്ത് ബി​നാലെയുടെ പ്രസക്തി​ വർദ്ധി​പ്പി​ക്കാനാണ് ശ്രമം.

ഡോ.വി​.വേണു

ചെയർമാൻ, ബി​നാലെ ഫൗണ്ടേഷൻ