കാക്കനാട്: ജില്ലയിലെ വായനശാലകളിൽ പൊടിപടലങ്ങൾ കൊണ്ട് പുസ്തകങ്ങൾ എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ വായനശാലകൾ വൃത്തിയാക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് 2025 - 2026 വാർഷിക പദ്ധതിയുടെ ഭാഗമായി 189 വായനശാലകൾക്ക് നൽകുന്ന വാക്വം ക്ലീനറുകളുടെ വിതരണം ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരത്തിൽ വാക്വം ക്ലീനർ വിതരണം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 189 വായനശാലകൾക്ക് ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ലാപ് ടോപ്പ്, പ്രൊജക്ടർ സൗണ്ട് സിസ്റ്റം എന്നിവ നൽകിയിരുന്നു. വാക്വം ക്ലീനറുകളുടെ വിതരണ ഉദ്ഘാടനം മുൻ വൈസ് ചാൻസലർ ഡോ.എം സി ദിലീപ്കുമാർ നിർവഹിക്കും.